അലക്സേജ് ബെസിയോക്കോവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: കേരള പൊലീസ് വർക്കലയിൽനിന്ന് പിടികൂടിയ രാജ്യാന്തര സാമ്പത്തിക കുറ്റവാളി അലക്സേജ് ബെസിയോക്കോവിനെ ഡൽഹി പാട്യാല കോടതി ചൊവ്വാഴ്ചവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലമ്പലം സി.ഐയുടെയും രണ്ട് എസ്.ഐമാരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് വിമാനമാർഗമാണ് ഡൽഹിയിൽ എത്തിച്ചത്. തുടർന്ന് പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച പാട്യാല കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരനായ 46 കാരൻ അലക്സേജിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്നാണ് കേരള പൊലീസ് പിടികൂടിയത്. ഇയാൾക്കായി ഇന്റര്‍പോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അമേരിക്കയുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനെതുടർന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇയാള്‍ വര്‍ക്കലയില്‍ ഉണ്ടെന്ന സി.ബി.ഐ വിവരത്തിന്റെ അടിസ്ഥാനത്തിൽ വര്‍ക്കല പൊലീസ് ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. പ്രതിയെ ഉടൻ അമേരിക്കക്ക് കൈമാറിയേക്കും.
ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിന് കേസുണ്ട്. ഇയാള്‍ യു.എ.ഇയിലാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

