സാക്ഷരത മിഷൻ ഇനി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ
text_fieldsമലപ്പുറം: തദ്ദേശഭരണ വകുപ്പിന് കീഴിലെ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ, സാക്ഷരത പ്രേരക്മാരെ തദ്ദേശഭരണ വകുപ്പിൽതന്നെ നിലനിർത്തുമെന്ന് ആഗസ്റ്റ് 11ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.
സാക്ഷരത മിഷന്റെ ഭരണപരമായ കാര്യങ്ങളാണ് പുതിയ ഉത്തരവിലൂടെ തദ്ദേശഭരണ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് തിരിച്ചുനൽകിയത്. പ്രേരക്മാരുടെ ഭരണനിയന്ത്രണം തദ്ദേശ ഭരണവകുപ്പിൽതന്നെ തുടരുന്നതിനാൽ പുനഃക്രമീകരണംകൊണ്ട് സാക്ഷരത മിഷന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന ആക്ഷേപം ശക്തമാണ്.
കാലങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന സാക്ഷരത മിഷനെ 2023ൽ കഴിഞ്ഞ സർക്കാറാണ് തദ്ദേശ ഭരണവകുപ്പിന്റെ ഭാഗമാക്കിയത്. ഇതോടൊപ്പം ആയിരത്തിലധികം പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങൾ പ്രേരക്മാർക്ക് ഭാരിച്ച ജോലികൾ നൽകിയതാണ് സാക്ഷരതമിഷന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എതാണ്ടെല്ലാ ജില്ലകളിലും സാക്ഷരത-തുല്യത പഠിതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്.
പ്രേരക്മാരുടെ ഓണറേറിയം ബാധ്യത പൊതുവിദ്യാഭ്യാസ വകുപ്പിന് പൂർണമായി ഏറ്റെടുക്കാനാവില്ലെന്നതിനാലാണ് ഇവരെ തദ്ദേശ സ്ഥാപനങ്ങളിൽ നിലനിർത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.
അതേസമയം, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മരവിപ്പിച്ചുനിർത്തിയിരുന്ന സാക്ഷരത മിഷന്റെ മൂന്ന് അപക്സ് കമ്മിറ്റികളെ പുനഃസംഘടിപ്പിക്കാൻ പുതിയ ഉത്തരവിലൂടെ സർക്കാറിന് സാധിക്കും. മിഷന്റെ ഭരണപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവയാണ് പുനഃസംഘടിപ്പിക്കാൻ പോകുന്നത്. ഇതിലേക്ക് രാഷ്ട്രീയ നിയമനങ്ങൾ നടത്തുകയാണ് പുനഃക്രമീകരണത്തിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
മുൻകാലങ്ങളിലേതുപോലെ മറ്റു വകുപ്പുകളിൽനിന്ന് സാക്ഷരത മിഷന്റെ വിവിധ പോസ്റ്റുകളിലേക്ക് വർക്ക് അറേഞ്ച്മെന്റ്-ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്ക് വാതിൽ തുറന്നിടുന്നതാണ് പുതിയ ഉത്തരവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

