പട്ടികയടുത്തു; കോൺഗ്രസിൽ 'പതിവ് പരിപാടികൾ' തുടങ്ങി
text_fieldsരാജി ഭീഷണി മുഴക്കി ഡി.സി.സി പ്രസിഡൻറുമാർ വരെ
കോൺഗ്രസ് ജയിക്കണമെന്ന് ജനം അതിയായി ആഗ്രഹിച്ച ഘട്ടത്തിൽപ്പോലും അതിന് പാരവെച്ച് സാധ്യത ഇല്ലാതാക്കിയത് സ്ഥാനാർഥികളെ നിർണയിച്ച തലമുതിർന്ന നേതാക്കളാണ്. മുൻകഴിഞ്ഞ തെരഞ്ഞെടുപ്പു കാലങ്ങളിലെ പതിവിന് ഇക്കുറിയും മാറ്റമില്ല. പാർട്ടി ജയിച്ചാലും തോറ്റാലും ഇഷ്ടക്കാർക്ക് സീറ്റ് കിട്ടണമെന്ന ശാഠ്യത്തോടെ വെട്ടിത്തിരുത്തിയും കുത്തിത്തിരുകിയും നേതാക്കൾ പട്ടിക തയ്യാറാക്കവെ പ്രാദേശിക തലത്തിൽ പ്രവർത്തകരുടെ പ്രതിഷേധവും നിരാശയും പൊട്ടിയൊഴുകുകയാണ്. ഏതാണ്ടെല്ലാ ജില്ലകളിലും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തെരുവിലുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധം പോസ്റ്ററുകളിലൊതുങ്ങിയപ്പോൾ ഇടുക്കിയിലും തൃശൂരിലുമെല്ലാം കൂട്ടരാജി ഭീഷണിയാണുയർന്നിരിക്കുന്നത്.
ചാലക്കുടിയിൽ 36 ബൂത്ത് പ്രസിഡൻറുമാർ കത്തയച്ചു
ചാലക്കുടി മണ്ഡലത്തിൽ പുറത്തുനിന്നുള്ള ആളെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ രാജിവെക്കുമെന്ന് 36 ബൂത്ത് പ്രസിഡൻറുമാർ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 36 പേരും സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മണ്ഡലം പ്രസിഡൻറുമാരും രാജിവെക്കുമെന്ന് പറയുന്നു. കോൺഗ്രസിെൻറ സുരക്ഷിത സീറ്റായിരുന്ന ചാലക്കുടി കഴിഞ്ഞ മൂന്നുതവണ നഷ്ടപ്പെട്ടത് ചാലക്കുടിക്കാരനല്ലാത്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചതു മൂലമാണെന്ന് ഇവർ ആരോപിക്കുന്നു. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചേലക്കരയിൽ പരിഗണിക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്ന് പറഞ്ഞും മറ്റൊരാളുടെ പേര് നിർദേശിച്ചും ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ എ.ഐ.സി.സിക്ക് കത്തയച്ചു. മണലൂരിൽ 'സേവ് കോൺഗ്രസ് ഫോറം' പ്രഖ്യാപിച്ച പ്രകടനം മാറ്റിവെച്ചെങ്കിലും പ്രതിഷേധ പോസ്റ്ററുകൾ വ്യാപകമാണ്. കയ്പമംഗലത്ത് പ്രകടനമുണ്ടായി. കൊടുങ്ങല്ലൂരിലും എതിർപ്പ് പ്രകടമാണ്.
ഇരിക്കൂറിൽ രോഷം വേണുഗോപാലിനെതിരെ
എ ഗ്രൂപ്പിലെ െക.സി. ജോസഫിെൻറ സിറ്റിങ് സീറ്റായ ഇരിക്കൂർ മൂന്നാം ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറല് സെക്രട്ടറി അഡ്വ. സജീവ് ജോസഫിന് നൽകുന്നതിനെതിരായ പ്രതിഷേധം ശമിച്ചില്ല. എ ഗ്രൂപ്പുകാർ താഴിട്ട് പൂട്ടിയ ആലക്കോട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫിസ് വെള്ളിയാഴ്ചയും തുറന്നില്ല. സീറ്റ് തട്ടിയെടുക്കുന്നതിന് പിന്നിൽ കെ.സി. വേണുഗോപാലാണെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.
റോയിക്ക് സീറ്റില്ലെങ്കിൽ ഇടുക്കി മുഴുവൻ തോൽക്കുമെന്ന് ഭീഷണി
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി അധ്യക്ഷനുമായ റോയി കെ. പൗലോസിനെ സാധ്യതപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതറിഞ്ഞ് ഡി.സി.സി ഭാരവാഹികളടക്കം അമ്പതിലധികം പേർ രാജിഭീഷണി മുഴക്കി. റോയിയെ അനുകൂലിക്കുന്നവർ വെള്ളിയാഴ്ച അദ്ദേഹത്തിെൻറ വീട്ടിൽ അടിയന്തരയോഗം ചേർന്നു.
2011ലും '16ലും റോയിക്ക് നിയമസഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ പറയുന്നു. റോയിയെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ജില്ലയിലെ അഞ്ച് മണ്ഡലത്തിലും യു.ഡി.എഫിെൻറ ജയസാധ്യതയിൽ വിള്ളൽ വീഴ്ത്തുമെന്നുമാണ് അനുകൂലികളുടെ ഭീഷണി.
ആലപ്പുഴയിൽ പോസ്റ്റർ പ്രളയം
കെട്ടിയിറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി ഓഫിസിന് മുന്നിൽ പതിച്ച പോസ്റ്ററിൽ കെ.സി. വേണുഗോപാലിനും വി.എം. സുധീരനുമെതിരെയാണ് രോഷം. മുൻ എം.പി കെ.എസ്. മനോജിനെ ആലപ്പുഴയില് സ്ഥാനാർഥിയാക്കുന്നത് തടയാൻ ഇവർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.അമ്പലപ്പുഴ മണ്ഡലത്തിൽ രമേശ് ചെന്നിത്തല പക്ഷം മുന്നോട്ടുവെച്ച ത്രിവിക്രമൻ തമ്പിക്കെതിെരയും പോസ്റ്ററുണ്ട്. കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി അരീത ബാബുവിെനയാണ് ഒരുവിഭാഗം ആലോചിക്കുന്നത്. എന്നാൽ, ലിജുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പോസ്റ്ററിൽ.
കാസർക്കോട് ഡി.സി.സി നേതാക്കൾ രാജിക്ക്
ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച സൂചന വന്നതിനെ തുടർന്ന് കാസർക്കോട് ജില്ലയിലും കലഹം. ഉദുമയിൽ സീറ്റ് പ്രതീക്ഷിച്ച ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ ഉൾപ്പടെയുള്ള നേതാക്കൾ രാജി ഭീഷണി മുഴക്കി. ഉദുമയിൽ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. ഇതിൽ തീരുമാനമുണ്ടായതായാണ് സൂചന. ഹക്കിം കുന്നിൽ പ്രതീക്ഷിച്ച സീറ്റാണ് ഉദുമ. എ ഗ്രൂപ്പിെൻറ സീറ്റാണിത്. ബാലകൃഷ്ണൻ പെരിയയെ എ ഗ്രൂപ്പായി ഒരു വിഭാഗം പരിഗണിക്കാത്തതാണ് പ്രതിഷേധത്തിനു കാരണം.
തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസിനു നൽകിയതും പ്രശ്നങ്ങൾക്ക് കാരണമായി. ഇതോടെ കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.പി. കുഞ്ഞിക്കണ്ണനും പ്രതിഷേധത്തിലാണ്. യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ നായർ, കെ. നീലകണ്ഘൻ തുടങ്ങിയവരും രംഗത്തുണ്ട്.
മലപ്പുറത്ത് രോഷം പുകയുന്നു
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി മൂലം മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് രാജിക്കൊരുങ്ങിയതായി സൂചന. പ്രകാശിനെ നിലമ്പൂരിൽ മത്സരിപ്പിക്കുമെന്നാണ് വ്യാഴാഴ്ച രാത്രി വരെ വിവരം പരന്നിരുന്നത്. എന്നാൽ, വെള്ളിയാഴ്ച ചിത്രം മാറി. ടി. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന രീതിയിൽ ഡൽഹിയിൽ ചർച്ചകൾ നടന്നു. രാജിക്കൊരുങ്ങുന്ന വിവരം പ്രകാശ് തന്നെയാണ് മണ്ഡലം പ്രസിഡൻറുമാരെ അറിയിച്ചത്. ഇതോടെ ടി. സിദ്ദീഖ് പിന്മാറിയെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

