മദ്യനിർമാണ യൂനിറ്റ് അനുമതി പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ചിറ്റൂർ താലൂക്കിലെ എലപ്പുള്ളിയിൽ മദ്യനിർമാണ യൂനിറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകിയ തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
പ്ലാച്ചിമടയുടെ പരിസരപ്രദേശത്തുതന്നെ വൻതോതിൽ ജലം ഉപയോഗിക്കേണ്ടി വരുന്ന മദ്യനിർമാണ യൂനിറ്റിന് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനവിരുദ്ധമാണ്. ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിക്ക് ആവശ്യമായ ജലം നൽകാൻ കഴിയാതിരിക്കെ, അതിനെക്കാൾ കൂടുതൽ അളവിൽ ജലം ആവശ്യമായ മറ്റൊരു ഫാക്ടറിക്ക് സർക്കാർ അനുമതി നൽകിയത് അങ്ങേയറ്റം ദുരൂഹമാണ്.
മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന പ്രകടനപത്രിക വാഗ്ദാനം അല്പം പോലും നടപ്പാക്കാൻ ശ്രമിക്കാതെ, പുതിയ തലമുറയിലെ യുവാക്കളെ കൂടുതൽ മദ്യപാനത്തിന് പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഭരണാധികാരികൾക്കും ഭരണ പാർട്ടികൾക്കും പണം കൊടുത്ത് അനുമതി വാങ്ങുന്ന കമ്പനിക്ക് പരവതാനി വിരിച്ചതിലൂടെ എന്ത് ലഭിച്ചുവെന്ന് ജനങ്ങളോട് വെളിപ്പെടുത്തണം. കൂടുതൽ തൊഴിലവസരങ്ങളും കാർഷിക മേഖലക്ക് ഉണർവും നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി മദ്യക്കമ്പനിയെ പാലക്കാട്ട് കുടിയിരുത്താമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.