വീര്യം കുറഞ്ഞ മദ്യവിൽപന: ഉടൻ തീരുമാനമില്ല; യു.ഡി.എഫിൽ വിശദ ചർച്ച
text_fieldsതിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകില്ല. യു.ഡി.എഫ് വിശദമായി ചർച്ച ചെയ്തശേഷമാകും അന്തിമതീരുമാനം കൈക്കൊള്ളുക. മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും സാമുദായിക സംഘടനകളിൽനിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ പിന്തിരിയൽ. യു.ഡി.എഫ് സർക്കാറിന്റെ മദ്യനയത്തിന് രൂപം നൽകുന്നതിന് മുന്നാടിയായുള്ള കൂടിയാലോചനകളിലുൾപ്പെടെ വിഷയം പ്രധാന ചർച്ചയാകും. കഴിഞ്ഞദിവസം ബജറ്റ് ചർച്ചക്ക് മറുപടി നൽകവെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് വി.എം. സുധീരൻ പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ധനകാര്യ ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ വിൽപന നടക്കില്ല. നികുതി ഇളവിൽ ഘടക കക്ഷികളുടെ നിലപാട് പ്രധാനമാണ്. ഏതു തരത്തിലുള്ള മദ്യമായാലും അതിന്റെ പ്രചാരണം ശരിയല്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. നികുതിയിളവ് വേണ്ടെന്ന നിലപാട് ലീഗ് യു.ഡി.എഫ് യോഗത്തിൽ അറിയിക്കും. മറ്റു ഘടകകക്ഷികളും സമാന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ യു.ഡി.എഫിൽ കൂടിയാലോചിക്കണമെന്ന അഭിപ്രായവും ഘടകകക്ഷികൾക്കുണ്ട്. സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ ഇത്തരം വിവാദങ്ങളുണ്ടായെന്ന പരാതിയും മുന്നണിക്കുള്ളിലുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണന വിഷയത്തിൽ യു.ഡി.എഫ് തീരുമാനമെടുക്കുമെന്നാണ് എക്സൈസ് മന്ത്രി എം. ലിജുവും പറയുന്നത്. എന്നാൽ, ഏത് മദ്യവിൽപന ആയാലും എക്സൈസ് വകുപ്പ് അറിഞ്ഞിരിക്കണമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപന നികുതിയെന്ന നിർദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വിഷയം യു.ഡി.എഫിന് വിട്ടത്. മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വിൽപനാനുമതി യു.ഡി.എഫിനോട് തേടുന്നത്. വിവാദമായ നികുതിഘടന പിൻവലിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. യു.ഡി.എഫിന്റെ അനുമതി കിട്ടിയാൽ ബജറ്റ് നിർദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. നികുതി കുറച്ചത് അതേപടി ഫിനാൻസ് ബില്ലിൽ വന്നാൽ മദ്യക്കമ്പനികൾക്ക് അപേക്ഷയുമായി സമീപിക്കാനാകും. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാൽ കോടതിയിൽ പോകാനാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, നികുതി ഘടന പിൻവലിക്കാത്തത് പ്രതിപക്ഷം സർക്കാറിനെതിരായ ആയുധമാക്കി. എന്നാൽ, നികുതിയിളവ് ഉൾപ്പെടെ കാര്യങ്ങളിൽ ബക്കാർഡി മദ്യക്കമ്പനിക്കായി എൽ.ഡി.എഫ് സർക്കാറാണ് നീക്കം നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

