തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.
സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകൾ അനുവദിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്. യാത്രക്കാർക്ക് ശല്യമുണ്ടാവാത്ത രീതിയിലായിരിക്കും മദ്യക്കടകൾ തുറക്കുകയെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിശദീകരണം.