സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; വിവിധ ബ്രാൻഡുകൾക്ക് 50 രൂപ വരെ വർധിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിച്ചു. വില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സ്പിരിറ്റ് വില വർധിപ്പിച്ചതിനാൽ വില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. 10 രൂപ മുതൽ 50 രൂപ വരെയാണ് വിവിധ ബ്രാൻഡുകൾക്ക് വില വർധിക്കുക. വർധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.
മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബെവ്കോ ബോർഡ് അംഗീകരിക്കുകയായിരുന്നു. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്കാണ് വില വർധിക്കുക.
പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 2023ലും മദ്യവില കൂട്ടിയിരുന്നു. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000ത്തിന് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി നാല് ശതമാനം വർധിപ്പിച്ചിരുന്നു. 2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു.
ഇപ്പോൾ 15 മാസത്തിന് ശേഷമാണ് വീണ്ടും മദ്യത്തിൻ്റെ വില വർധിപ്പിച്ചത്. ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോൾ, ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

