മദ്യമൊഴുക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: ബിയറും വൈനും നിര്‍മിക്കുന്ന ബ്രൂവറി യൂനിറ്റുകളും വിദേശമദ്യ നിര്‍മാണത്തിനുള്ള ഡിസ്റ്റിലറി യൂനിറ്റുകളും പാലക്കാട് കഞ്ചിക്കോട്ട് സ്ഥാപിക്കാന്‍ സ്വകാര്യ മദ്യകമ്പനിക്ക് അനുമതി നല്കി മന്ത്രിസഭ യോഗം. സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മദ്യനയത്തിൽ വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനം.
ബ്രൂവറി യൂനിറ്റ് കൂടാതെ, എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കോമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പ്രാരംഭാനുമതി നല്‍കിയത്. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് സ്വകാര്യസ്ഥാപനത്തിന് അനുമതി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി യൂനിറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതിലെ വന്‍അഴിമതി ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ഇത് സർക്കാറിനെ പ്രതിരോധത്തിലാക്കിയതോടെ ബ്രൂവറി യൂനിറ്റുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയിരുന്നു. മന്ത്രിസഭ തീരുമാനത്തിലൂടെ പഴയ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന് വ്യക്തമായി.
അതേസമയം, സർക്കാർ നടപടി പുതിയ രാഷ്ട്രീയ വിവാദങ്ങളും ഉയർത്തും. സ്വകാര്യ മദ്യ കമ്പനിക്ക് അനുമതി നല്‍കിയത് അഴിമതിയുടെ ഭാഗമാണെന്ന ആരോപണം വീണ്ടും ഉയരാം. തീരുമാനം വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തെയും ചൂടുപിടിപ്പിക്കും. തീരുമാനത്തിനെതിരെ മത, സാമുദായിക സംഘടനകളിൽ നിന്നുൾപ്പെടെ പ്രതിഷേധവുമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.