'തെറ്റ് തിരുത്താൻ വിളിച്ചപ്പോൾ മുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ'; സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ലീഗ് പ്രവർത്തകനെ ചേർത്തു നിർത്തി ലിന്‍റോ ജോസഫ്
text_fieldsകോഴിക്കോട്: തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫിനെ സമൂഹമാധ്യമത്തിലൂടെ ലീഗ് പ്രവർത്തകൻ അധിക്ഷേപിച്ച സംഭവം വലിയ ചർച്ചയായിരുന്നു. നിരവധിപ്പേരാണ് ലിന്‍റോക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ, പ്രശ്നം ഒത്തുതീർപ്പാക്കിയിരിക്കുകയാണ്. വ്യക്തി അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദ് ക്ഷമ ചോദിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചത്.
അസ്ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ലിന്‍റോ സ്റ്റേഷനിൽ എത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയുമായിരുന്നു. അസ്ലമിനെ കണ്ടതിനെക്കുറിച്ചും പ്രശ്നം പരിഹരിച്ചതിനെക്കുറിച്ചും എം.എൽ.എ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു' എന്ന് തുടങ്ങുന്ന കുറിപ്പിൽ അസ്ലമിനോട് യാതൊരുവിധ പരിഭവവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രങ്ങളിൽ അസ്ലമിന്‍റെ മുഖം ലിന്‍റോ വ്യക്തമാക്കിയിട്ടില്ല.
ലിന്‍റോ ജോസഫിന്‍റെ പോസ്റ്റ്
പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..
മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗർഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാൻ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, കൂടുതൽ സംശുദ്ധവും മാന്യതയിൽ അധിഷ്ഠിതവുമായ ഒരു സോഷ്യൽ മീഡിയ സംസ്കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും ബോഡി ഷെയിമിങ്ങിൽ നിന്നും സ്ത്രീവിരുദ്ധതയിൽ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങൾ ഉയർന്നുവരുന്ന സ്പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങൾ മാറണം. എങ്കിൽ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കൂ...
അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..
എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താൻ നിങ്ങൾ എന്നെ വിളിച്ചപ്പോൾ മുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ. എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം.
സ്നേഹത്തോടെ
ലിന്റോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

