ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കി സര്‍ക്കാര്‍ വാക്കുപാലിച്ചു
text_fieldsപേരാമ്പ്ര: നിപ ബാധിച്ചയാളെ പരിചരിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി താൽക്കാലിക നഴ്്സ് ലിനിയുടെ ഭർത്താവ് പി. സജീഷിന് സർക്കാർ ജോലിക്കുള്ള ഉത്തരവിറങ്ങി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കുവേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി.എം. അജയ് മോഹനനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറുടെ കീഴിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാനാണ് നിർദേശം. ഉദ്യോഗാർഥിയുടെ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉചിതമായ സ്ഥലത്ത് നിയമനം നൽകാനും ഈ വിവരം ഡയറക്ടറുടെ ഓഫിസിൽ അറിയിക്കാനും ഡി.എം.ഒയെ ചുമതലപ്പെടുത്തി.
മേയ് 21നാണ് ലിനി നിപ വൈറസ് ബാധയേറ്റ് മരിച്ചത്. ലിനിയുടെ രോഗമറിഞ്ഞ് ഭർത്താവ് വടകര പുത്തൂർ സ്വദേശി സജീഷ് ഗൾഫിൽനിന്ന് എത്തുകയായിരുന്നു. ഭാര്യ മരിച്ചതോടെ മക്കളായ ഋതുലിനെയും (അഞ്ച്) സിദ്ധാർഥിനെയും (രണ്ട്) തനിച്ചാക്കി വിദേശത്തേക്ക് പോകാൻ കഴിയാത്തതിനാൽ അവിടത്തെ ജോലി ഉപേക്ഷിച്ച് മക്കളോടൊപ്പം ലിനിയുടെ ചെമ്പനോടയിലെ പുതുശ്ശേരി വീട്ടിലാണ് താമസം. ലിനിയുടെ അമ്മ രാധയും സഹോദരി ലിബിയും സഹായത്തിനുണ്ട്. സജീഷിന് ജോലിയും മക്കൾക്ക് 10 ലക്ഷം രൂപ വീതവും നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
