ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വിസ്: ദൂരപരിധി 140 കിലോമീറ്ററാക്കി
text_fieldsതിരുവനന്തപുരം: ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വിസിന് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിക്കാന്‍ മന്ത്രിസഭ തീരുമാനം. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ദൂരപരിധി ഇല്ലാതെ, എത്ര കിലോ മീറ്റര്‍ വേണമെങ്കിലും സര്‍വിസ് നടത്താമായിരുന്നു. ഇതില്‍ മാറ്റം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ശക്തമായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ദൂരപരിധി നിജപ്പെടുത്തിയത്.
സംസ്ഥാനത്തെ 31 റൂട്ടുകള്‍ ദേശസാത്കരിച്ച് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ്140 കി.മീ. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്തുന്നത്. 1989ലെ കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ‘ദൂരപരിധിയില്ലാതെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി’ എന്ന നിര്‍വചനം ഉള്‍പ്പെടുത്താന്‍ 2016 ഫെബ്രുവരി 26ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനവും ഭേദഗതി ചെയ്യും.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്ക് എത്ര ദൂരവും സര്‍വിസ് നടത്താനുള്ള അനുമതി കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പിനെ ബാധിച്ചതായി ചൂണ്ടിക്കാട്ടി എം.ഡി.രാജമാണിക്യമാണ് സര്‍ക്കാറിന് കത്ത് നല്‍കിയത്. മോട്ടോര്‍ വാഹനച്ചട്ടമനുസരിച്ച് ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍സ്റ്റേജുകള്‍ക്കിടയിലെ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തുകയും വേണം. ഇതാണ് കഴിഞ്ഞ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013ല്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിനത്തെുടര്‍ന്ന് പെര്‍മിറ്റ് നഷ്ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാണ് ചട്ടഭേദഗതി കൊണ്ടുവന്നത്. 241 റൂട്ടുകളിലാണ് ഇവ സര്‍വിസ് നടത്തിയിരുന്നത്. 800 കിലോമീറ്ററിലധികം ദൂരം സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കൊപ്പം ഓടുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയത്തുതന്നെയാണ് ഇതും. സ്വകാര്യബസുകളുടെ പെര്‍മിറ്റ് തീരുന്നതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര പെര്‍മിറ്റുകള്‍ ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത റൂട്ടുകളില്‍ പ്രതിദിനം 25,000 രൂപക്ക് അടുത്ത് വരുമാനമുണ്ടായിരുന്നു. സ്വകാര്യബസുകള്‍ക്ക് കൂടി ഓടാന്‍ അനുമതി നല്‍കിയതോടെ 228 പെര്‍മിറ്റുകളും കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
