Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് ഹർത്താൽ...

പോപുലർ ഫ്രണ്ട് ഹർത്താൽ പോലെ ഇടുക്കി ഹര്‍ത്താലും നിയമവിരുദ്ധം; സമരസമിതിക്ക് പൊലീസ് നോട്ടീസ്

text_fields
bookmark_border
പോപുലർ ഫ്രണ്ട് ഹർത്താൽ പോലെ ഇടുക്കി ഹര്‍ത്താലും നിയമവിരുദ്ധം; സമരസമിതിക്ക് പൊലീസ് നോട്ടീസ്
cancel

ഇടുക്കി: ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ അരിക്കൊമ്പൻ’ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ ഇടുക്കിയില്‍ ഇന്ന് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്നവർ ഏഴു ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.

2019 ജനുവരി ഏഴിനാണ് ഇതുസംബന്ധിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ മുൻകൂർ നോട്ടീസ് നല്കിയിട്ടില്ലാത്തതിനാൽ ഇടുക്കിയി​ലെ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർ നൽകിയ നോട്ടീസിൽ പറയുന്നു. ഈ ദിവസം ഹർത്താൽ നടത്തുകയോ ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്താൽ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



2022 സെപ്തംബർ 23ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹർത്താലിനെതിരെ ഹൈകോടതിയുടെ ഈ ഉത്തരവ് അനുസരിച്ച് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളെ എൻ.​ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്തംബർ തലേന്നാണ് പോപുലര്‍ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അന്നത്തെ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാൻ സംഘടന ഭാരവാഹികളുടെയും പ്രവർത്തകരുടെയും വീടും സ്ഥാപനങ്ങളുമടക്കം ജപ്തി ചെയ്തിരുന്നു.

ഇടുക്കിയിൽ ഹര്‍ത്താല്‍ അനുകൂലികള്‍ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ദേശീയപാത ഉപരോധം തുടരുകയാണ്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം.

Show Full Article
TAGS:Idukki hartalPopular Front hartalhartal
News Summary - Like Popular Front hartal, Idukki hartal is also illegal; Police notice to strike committee
Next Story