ആരോപണങ്ങളുമായി ലിഗയുടെ ഭർത്താവ്
text_fieldsതിരുവനന്തപുരം: ലിഗയെ അന്വേഷിക്കുന്നതിൽ കേരള പൊലീസ് തികഞ്ഞ അനാസ്ഥ കാട്ടിയെന്നും തന്നെ മാനസികരോഗിയാക്കി ഭ്രാന്താശുപത്രിയിൽ തള്ളാൻ പൊലീസ് ശ്രമിച്ചെന്നും ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്. ആഴ്ചകൾക്ക് മുമ്പ് അയര്‍ലന്‍ഡിലെ ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂസ് കേരള പൊലീസിനെതിരെ ആഞ്ഞടിച്ചത്. പരാതിയുമായി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേക്കെങ്കിലും ഉല്ലാസയാത്രക്ക് പോയതാവാമെന്ന നിലപാടായിരുന്നു അവര്‍ക്ക്. രണ്ടാഴ്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാനെന്നും അയര്‍ലന്‍ഡിലെ ആർ.ടി.ഇ റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ ആൻഡ്രൂസ് പറഞ്ഞു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് കോവളം പൊലീസ് സ്റ്റേഷന്. എന്നിട്ടും ആദ്യദിവസങ്ങളിൽ യാതൊന്നും അവർ ചെയ്തില്ല.
സ്വന്തം രീതിയില്‍ ആഴ്ചകള്‍ നീണ്ട അന്വേഷണം ഇൽസയും താനും ചേര്‍ന്ന് നടത്തി. പക്ഷേ, തങ്ങളെ നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു പൊലീസിന് താൽപര്യം. അതിനായി അവർ ഒരു അവസരം കാത്തിരിക്കുകയായിരുന്നു.
കോവളത്ത് ഒരു ഹോട്ടലില്‍ െവച്ചുണ്ടായ അനിഷ്ടസംഭവം പൊലീസിന് പിടിവള്ളിയായി. ലിഗ ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താനും ഇല്‍സയും അവിടെയെത്തി. അവിടെ വെച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് പൊലീസ് മാനസിക പ്രശ്നമുണ്ടെന്നുകാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർബന്ധിത ചികിത്സക്ക് വിധേയനാക്കി.
ആശുപത്രിയില്‍ ആറുദിവസം അഡ്മിറ്റ് ചെയ്തു. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും വിവിധ സംഘടനകളും ജനങ്ങളും തങ്ങളുടെ വിഷമം മനസ്സിലാക്കി ഒപ്പംനിന്നെന്നും സഹായമനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ പൊലീസിനെ ഭയന്ന് വേണ്ടവിധം വാര്‍ത്തകള്‍ നൽകിയില്ലെന്നും കേരളത്തിെൻറ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഭരണകൂടം ഇടപെട്ട് മാധ്യമങ്ങളെ നിയന്ത്രിക്കുകയായിരുന്നെന്നും അഭിമുഖത്തിൽ ആൻഡ്രൂസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
