ലിഗ: മൊഴിയിൽ വട്ടം കറങ്ങി അന്വേഷണസംഘം, ശാസ്ത്രീയ തെളിവുകൾക്കായി നെട്ടോട്ടം
text_fieldsതിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതക കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവവും പ്രതികളുടെ മൊഴിമാറ്റവും അന്വേഷണ സംഘത്തെ കുഴക്കുന്നു. കസ്റ്റഡിയിലുള്ള മൂന്നുപേരുടെയും ചോദ്യം ചെയ്ത് വിട്ടയച്ച രണ്ടുപേരുടെയും വിരലടയാളവും തലമുടിയും മൃതദേഹം ലഭിച്ച പൂനംതുരുത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ കുരുക്കാൻ ഇതുമാത്രം മതിയാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികൾ സ്ഥിരമായി മദ്യപിക്കാനും വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിവസ്തുക്കൾ കൈമാറുന്നതിനും തെരഞ്ഞെടുക്കുന്നത് പൂനംതുരുത്തിലെ ഈ കുറ്റിക്കാടാണ്.
കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളും കഴിഞ്ഞ ദിവസം വിട്ടയച്ച രണ്ടുപേരും സ്ഥിരമായി വിദേശികളെയുംകൊണ്ട് ഇവിടെ വരാറുണ്ടെന്ന് പ്രദേശവാസികളും മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് ലഭിച്ച തലമുടിയും വിരലടയാളവും കൊലപാതക സമയത്ത് ഉള്ളതാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പിക്കാനാകില്ല. ലിഗയെ പൂനംതുരുത്തിലേക്ക് കൊണ്ടുവന്നെന്ന് പറയപ്പെടുന്ന ഫൈബർ ബോട്ടിൽനിന്ന് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും നേരത്തേയും പലവിദേശികളുമായി ഇവർ ഇവിടെ എത്തിയിട്ടുണ്ടെന്ന പ്രദേശവാസിയായ ബോട്ടുടമയുടെ മൊഴി വെല്ലുവിളിയാണ്. ലിഗയുടെ മൃതശരീരത്തിന് 36 ദിവസത്തെ പഴക്കമുള്ളതിനാൽ പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ വിരലടയാളമോ തിരിച്ചറിയാവുന്ന യാതൊന്നും മൃതദേഹത്തിൽനിന്ന് ലഭിക്കാത്തതും അറസ്റ്റ്വൈകുന്നതിന് കാരണമാണ്.
ശനിയാഴ്ച പ്രതികളിൽ രണ്ടുപേർ കുറ്റസമ്മതമൊഴി നടത്തിയെങ്കിലും ഞായറാഴ്ച അന്വേഷണസംഘത്തെപ്പോലും അത്ഭുതപ്പെടുത്തി മൊഴിയിൽനിന്ന് ഇവർ പിന്നാക്കം പോയി. ദേഹോപദ്രവം ഭയന്ന് കുറ്റം സമ്മതിച്ചാണെന്നും ലിഗയെ കണ്ടിട്ടുള്ളതല്ലാതെ കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് ഇവരുടെ ഇപ്പോഴത്തെ മൊഴി. മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ദേശീയ-അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചയായ കൊലപാതകത്തിൽ പഴുതടച്ച അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. കേസിെൻറ വിചാരണഘട്ടത്തിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ കുളത്തിലും കരയിലും ശക്തമായ പരിശോധനയാണ് നാല് വിഭാഗങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തുന്നത്.
ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനുള്ള കോവളം ബന്ധത്തെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ലിഗ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് പൂനംതുരുത്തിലെത്തിയ ആൻഡ്രൂസിനെ നേരത്തേയും ഈ പ്രദേശത്തെ ചിലരോടൊപ്പം കണ്ടിട്ടുണ്ടെന്ന നാട്ടുകാരിൽ ചിലരുടെ മൊഴിയാണ് അന്വേഷണം ആൻഡ്രൂസിലേക്കും തിരിക്കാൻ കാരണം. അന്വേഷണത്തിെൻറ ഭാഗമായി ആൻഡ്രൂസിെൻറ പാസ്പോർട്ടും മറ്റു രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.
അതേസമയം, ലിഗയുടെ സഹോദരി ഇൽസയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ നോട്ടീസ് കിട്ടിയ ശേഷം ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്ന് സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയെ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഇൽസയുടെ പേരിൽ അശ്വതി 3.8 ലക്ഷം തട്ടിയെന്ന് ആരോപിച്ച് കോവളം പനങ്ങോട് സ്വദേശി അനിൽകുമാറാണ് ഡി.ജി.പി ലോക്നാഥ് ബഹ്റക്ക് പരാതി നൽകിയത്. എന്നാൽ, അശ്വതിക്കെതരിയുള്ള പരാതി വ്യാജമാണെന്ന് അറിയിച്ച് ഇൽസതന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
