പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി സൂചന
text_fieldsകോവളം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗ സ്ക്രോമെനയുടെ (33) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി സൂചന. എന്നാൽ റിപ്പോർട്ട് പുറത്തുപോകരുതെന്ന ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ കർശന നിർദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയാറായിട്ടില്ല. സംസ്ഥാന സർക്കാറിനെയും കേരള ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്ന സംഭവത്തിൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ, നാല് ഡിവൈ.എസ്പിമാർ, ആറ് സി.ഐമാർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, ലിഗയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസിെൻറ ശ്രമമെങ്കിൽ മൃതദേഹം സ്വദേശത്ത് കൊണ്ടുപോയി വീണ്ടും പോസ്റ്റ്മോർട്ടം നടത്തുമെന്ന് സഹോദരി ഇലിസ മാധ്യമങ്ങളോട് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ലിഗയുടെ കുടുംബവും പൊലീസും മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിൽ അന്വേഷണം തുടരുകയാണ്. പ്രദേശവാസിയായ ഒരാളുടെ സഹായമില്ലാതെ വിദേശിയായ ലിഗക്ക് പൂനംതുരുത്തില്‍ എത്താന്‍ കഴിയില്ല. അതുകൊണ്ട് നാട്ടുകാരിൽ ചിലരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ലഹരിമാഫിയയുടെ കേന്ദ്രമായ ഇവിടെ പരിസരവാസികളായ ചിലർ വിദേശികളുമായി വരാറുണ്ടെന്ന് പൊലീസിന് മൊഴിലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പും രണ്ട് കാറുകളിലായി കുറച്ചുപേര്‍ സ്ഥലെത്തത്തിയത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ സമീപത്തെ വീടിനുമുന്നില്‍ യാത്രക്ക് തടസ്സമാകുംവിധത്തിൽ കാറുകള്‍ നിർത്തിയിട്ടത് വീട്ടുകാര്‍ ചോദ്യംചെയ്തിരുന്നു. കാറുകൾ മാറ്റിയിട്ടശേഷം ഇവർ ലിഗയുടെ മൃതദേഹം കിടന്ന ഭാഗത്തേക്കാണ് പോയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ ലിഗയുടെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പേ ഇവരുടെ ശ്രദ്ധയിൽപെട്ടിട്ടുള്ളതായാണ് അന്വേഷണസംഘം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
