ലിഗയുടെ മരണത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സഹോദരി
text_fieldsതിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലത്വിയൻ സ്വദേശിനി ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് സഹോദരി ഇലീസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇലീസ്.
‘എന്നെ കാണാന്വരുന്ന രാഷ്ട്രീയക്കാരെല്ലാം എന്തൊക്കെയോ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സംസാരത്തില്‍നിന്ന് മനസ്സിലാകുന്നത്. അത്തരത്തില്‍ ഒരു രാഷ്ട്രീയ ആയുധമായി എെൻറ സഹോദരിയുടെ മരണത്തെ ഉപയോഗിക്കരുത്. മരിച്ചത് എെൻറ സഹോദരിയാണ്. അവരെെവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് കാണുമ്പോള്‍ വിഷമമുണ്ട് - ഇലീസ് പറഞ്ഞു.
തന്നെ കാണാനെത്തുന്ന എല്ലാ രാഷ്ട്രീയക്കാരും കുറ്റം എതിര് പാര്‍ട്ടിക്കാരുടെ തലയില്‍ കെട്ടിവെക്കാനാണ് നോക്കുന്നത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുകയാണ്. അല്ലാതെ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. പൊലീസിെൻറ ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ സംതൃപ്തയാണ്. അവരെ സ്വതന്ത്രമായി കേസ് അന്വേഷിക്കാന്‍ അനുവദിക്കണം. കേസ് സംബന്ധിച്ച് തനിക്കുള്ള സംശയങ്ങള്‍ രേഖാമൂലം ഐ.ജിക്ക് സമർപ്പിച്ചിട്ടുണ്ട്. കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും കാര്യങ്ങള്‍ മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ സാധിക്കുന്നുണ്ടെന്നും എല്ലാവരും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പിന്തുണക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ഇപ്പോഴും കോവളം ബീച്ചിലും പരിസരങ്ങളിലുംനിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന അന്വേഷണത്തിലാണ്. കേസില്‍ എന്തെങ്കിലും തുമ്പ് കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളാവുകയേ ഉള്ളൂ. എന്തായാലും ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ നാട്ടിലേക്ക് തിരിച്ചുപോകുന്നതടക്കം മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂയെന്നും ഇലീസ് പറഞ്ഞു.
മുഖ്യമന്ത്രി സ്വീകരിച്ചത് നിരുത്തരവാദ സമീപനം -ചെന്നിത്തല
വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലിഗയുടെ സഹോദരി ഇലീസയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിെൻറയും പൊലീസിെൻറയും കടമയാണ്. പരാതി ലഭിച്ചയുടന്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ലിഗയുടെ ജീവന് രക്ഷിക്കാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കണം.
മുഴുവന്‍ കുറ്റവാളികെളയും പുറത്തുകൊണ്ടുവരണം. ഇത് കേരളത്തിെൻറ ഒരു കറുത്ത അധ്യായമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് ബന്ധുക്കള്‍ തന്നെക്കാണാന്‍ സമയം ചോദിച്ചില്ല എന്നാണ്. ഇത് തികച്ചും തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടു എന്നിരുന്നെന്ന് രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
