തിരുവനന്തപുരം: ലൈഫ്മിഷന് വടക്കാഞ്ചേരിയിലെ പദ്ധതിക്കായി ആദ്യം ധാരണയുണ്ടാക്കിയത് കമീഷൻ സംബന്ധിച്ച്. കരാറുകാരായ യൂനിടാക്കിന് റെഡ്ക്രസൻറ് നല്കിയ ആദ്യഗഡു തന്നെ കൈക്കൂലിയായി മറിച്ചതിെൻറ മൊഴികളും ബാങ്ക് രേഖകളുമുൾപ്പെടെ എൻേഫാഴ്സ്മെൻറിന് ലഭിച്ചു.
ധാരണപത്രം ഒപ്പിട്ടശേഷം സ്വപ്നയും കൂട്ടരും യൂനിടാക്കുമായി കമീഷൻ കാര്യത്തിൽ ധാരണയുണ്ടാക്കി. ആദ്യഗഡുവായി ലഭിച്ച 20 ശതമാനം തുകയിൽനിന്ന് കോൺസുലേറ്റ് ഫിനാൻസ് ഒാഫിസറായിരുന്ന ഇൗജിപ്ഷ്യൽ പൗരൻ ഖാലിദിന് മൂന്നരക്കോടിയും സന്ദീപിെൻറ അക്കൗണ്ടിൽ 65 ലക്ഷം രൂപയും നൽകി.
കഴിഞ്ഞവർഷം ആഗസ്റ്റ് രണ്ടിനായിരുന്നു ഇത്. ആഗസ്റ്റ് 17ന് യൂനിടാക് ലൈഫ്മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയില്‍ നിർമിക്കാനുദ്ദേശിക്കുന്ന ഫ്ലാറ്റിെൻറ രൂപരേഖ തയാറാക്കാനായിരുന്നു ഇത്.
ആഗസ്റ്റ് 22ന് ലൈഫ് അപ്പാര്‍ട്ട്മെൻറ് കോംപ്ലക്സിെൻറ വിശദ രൂപരേഖ യൂനിടാക് ലൈഫ്മിഷന് കൈമാറി. ഇതിെൻറ അടിസ്ഥാനത്തിലാണ് ലൈഫ്മിഷന് സി.ഇ.ഒ റെഡ്ക്രസൻറ് ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചത്.
മുന്‍കൂർ കമീഷനായിരുന്നു സ്വപ്നയുടെ ആവശ്യം. അതിനുള്ള പണം ഇല്ലെന്ന് യൂനിടാക് അറിയിച്ചപ്പോള്‍ ആദ്യ ഗഡുവിൽനിന്ന് നൽകാൻ സ്വപ്ന നിര്ദേശംെവച്ചു.
കൈക്കൂലിപ്പണം സരിത്തും സ്വപ്നയും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി. ഇതിന് കരമനയിലെ സ്വകാര്യ ബാങ്ക് മാനേജറുടെ സഹായം ലഭിെച്ചന്നാണ് സ്വപ്നയുടെ മൊഴി.
വിദേശ കറന്‍സിയാക്കി മാറ്റാന്‍ സഹായിച്ചില്ലെങ്കില്‍ കോണ്‍സുലേറ്റിെൻറ അക്കൗണ്ട് പിന്‍വലിക്കുമെന്നും ഹൈദരാബാദില്‍ ആരംഭിക്കുന്ന കോണ്‍സുലേറ്റിെൻറ ഇടപാടുകള്‍ ബാങ്കിന് നല്‍കില്ലെന്നും സ്വപ്ന ഭീഷണിപ്പെടുത്തിയതായി മാനേജർ മൊഴി നല്‍കിയിട്ടുണ്ട്.
സ്വകാര്യ ബാങ്കിലെ മുന്‍ ജീവനക്കാരന് മുഖേന കണ്ണമ്മൂലയിലെ മണി എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിലൂടെയാണ് സ്വപ്ന പണം വിദേശ കറന്സിയാക്കിയതെന്ന് എന്‍ഫോഴ്സ്മെൻറും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റിന് സമീപം മണി എക്സ്ചേഞ്ച് നടത്തുന്ന പ്രവീണ്‍, മറ്റൊരു ഇടപാടുകാരന് അഖില്‍ എന്നിവര്‍ വഴിയും പണം മാറി. ഇവരെ എല്ലാവരെയും അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു.
ഡോളറാക്കി മാറ്റിയ പണം നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗിലൂടെയും വിദേശയാത്ര വേളയിലും സ്വപ്ന കടത്തിയതായാണ് മൊഴികളില്‍നിന്ന് സാഹചര്യത്തെളിവുകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് അന്വേഷണസംഘങ്ങള്‍ പറയുന്നു.