ലൈഫ് മിഷൻ കേസ്: സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ്
text_fieldsന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രവീന്ദ്രൻ തിങ്കളാഴ്ച ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവണം. നേരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇ.ഡി രവീന്ദ്രന്റെ മൊഴിയെടുത്തിരുന്നു.
കേസിലെ പ്രധാന പ്രതിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്. അതുകൊണ്ടുതന്നെ നിർണായക വിവരങ്ങൾ രവീന്ദ്രനിൽ നിന്നും ലഭിക്കുമെന്ന വിലയിരുത്തലിലാണ് ഇ.ഡി നടപടി. നേരത്തെ ഇ.ഡി ഒട്ടേറ തവണ വിളിപ്പിച്ചതിന് ശേഷമായിരുന്നു രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഹാജരായപ്പോൾ 13 മണിക്കൂറോളമാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തത്.
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ ലോക്കറിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.