അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിൽ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾക്ക് ജീവപര്യന്തം
text_fieldsഷൈന്‍ കൊലപാതക കേസിലെ പ്രതികൾ
ഇരിങ്ങാലക്കുട: കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ വീട്ടിൽ ഗംഗാധരൻ മകൻ ഷൈനിനെ (26) അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 1.60 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
കൂരിക്കുഴി നിവാസികളായ കിഴക്കേ വീട്ടിൽ ഗണപതി എന്നു വിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ വിജീഷ്, കണ്ണൻ എന്നുവിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ ജിത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ശിക്ഷിച്ചത്. പ്രതികൾക്ക് കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവനുഭവിക്കണം.
മറ്റു മൂന്ന് വകുപ്പുകളിലായി ആറു മാസവും മൂന്നുവർഷവും മൂന്നു മാസവും അധിക ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായി 65,000 രൂപ പിഴയടക്കണം. പിഴ സംഖ്യയിൽനിന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട ഷൈനിന്റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും ഉത്തരവുണ്ട്.
2007 മാർച്ച് 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായിരുന്നു കൈപ്പമംഗലം കൂരിക്കുഴി സ്വദേശി കോഴിപ്പറമ്പിൽ ഗംഗാധരൻ മകൻ ഷൈൻ.
കേസിലെ ഒന്നാം പ്രതിയുടെയും കൂട്ടുകാരുടെയും കൂരിക്കുഴി മേഖലയിലെ അക്രമപ്രവർത്തനങ്ങൾക്കെതിരെ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ അംഗമായതിലെ വൈരാഗ്യവും ആക്ഷൻ കൗൺസിൽ അംഗത്തെ ദേഹോപദ്രവം ഏൽപിച്ച ജിത്തിനെ തടഞ്ഞുനിർത്തി പൊലീസിലേൽപ്പിക്കാൻ ശ്രമിച്ചതിലെ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഡ്വ. പി.എ. ജയിംസ്, അഡ്വ. എബിൽ ഗോപുരൻ, അഡ്വ. അൽജോ പി. ആന്റണി, അഡ്വ. പി.എസ്. സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫിസർ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

