റാന്നി റീന വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്
text_fieldsമനോജ്
പത്തനംതിട്ട: റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയെ കൊലപ്പെടുത്തിയ കേസിലാണ് പത്തനംതിട്ട അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക മക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു. മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മനോജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2014 ഡിസംബർ 28ന് രാത്രിയാണ് പന്ത്രണ്ടും പതിനാലും വയസുണ്ടായിരുന്ന മക്കളുടെ മുന്നിൽവച്ച് മനോജ് ഭാര്യ റീനയെ കൊലപ്പെടുത്തിയത്. ആശാവർക്കറായ ഭാര്യയിലുള്ള സംശയത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ മനോജ് വഴക്കുണ്ടാക്കുക പതിവായിരുന്നു. റീനക്ക് വന്ന ഫോൺകോളിനെ ചൊല്ലി സംഭവ ദിവസവും വഴക്കുണ്ടായി. റീനയും അമ്മയും ഭയന്നോടി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തുകയും മനോജിനെ വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞു തീർക്കുകയും ചെയ്തു. വീട്ടിലെത്തിയതിന് പിന്നാലെ രാത്രി ഒരു മണിയോടെ വീണ്ടും തർക്കമുണ്ടായി.
ഇറങ്ങിയോടിയ റീനയെ മനോജ് ചുടുകട്ടയെടുത്തെറിഞ്ഞു. കൂടാതെ, വീൽസ്പാനർ കൊണ്ടടിക്കുകയും തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ റീന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മനോജിനെ ചെത്തോങ്കരയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
റാന്നി സി.ഐ ടി. രാജപ്പനാണ് അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. റീനയുടെ അമ്മയും രണ്ട് മക്കളുമായിരുന്നു കേസിലെ ദൃക്സാക്ഷികൾ. കേസിന്‍റെ വിചാരണ തുടങ്ങും മുമ്പ് 2020ൽ അമ്മ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

