‘ലൈഫ്’ വീടിന് കല്ലുചുമക്കാൻ സർക്കാർ ജീവനക്കാരുടെ ശ്രമദാനം
text_fieldsപത്തനംതിട്ട: അവധിദിനത്തിൽ ചില പ്രത്യേക സാഹചര്യത്തിൽ ഒാഫിസിലെത്തി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുണ്ട്. എന്നാൽ, അവധിദിവസം ഒരു സാധാരണക്കാരിക്ക് സർക്കാർ അനുവദിച്ച വീടുവെക്കാൻ ഒാഫിസ് ജീവനക്കാർ ഒന്നടങ്കമെത്തി വലിയ കുന്നിൻമുകളിൽനിന്ന് കല്ലുചുമന്ന് സഹായിക്കുന്നത് കേട്ടുകേൾവിയുള്ള കാര്യമല്ല. ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരാണ് പട്ടികജാതിക്കരിയായ യുവതിക്കുവേണ്ടി കല്ലുചുമന്നത്. ആകെയുള്ള 16 ജീവനക്കാരിൽ പത്തുപേരും സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. കനത്ത കുംഭച്ചൂട് പോലും വകവെക്കാതെ ജീവനക്കാർ സന്നദ്ധപ്രവർത്തകരായി എത്തിയത് നാട്ടുകാരിലും ആശ്ചര്യമുണ്ടാക്കി.
നാരങ്ങാനം കന്നിടുംകുഴി മധുമല ലക്ഷംവീട് കോളനിയിലെ ബീനാകുമാരി (ഉഷ)യുടെ കുടുംബത്തിനാണ് വീട് നിർമിക്കുന്നത്. റോഡിൽനിന്ന് അറുപതടിയോളം താഴ്ചയിലാണ് വീട് പണിയുന്നത്. കല്ലും പാറയും നിറഞ്ഞ വിവിധ തട്ടുകളായിക്കിടക്കുന്ന ഭൂമിയാണിത്. വീട് നിർമാണത്തിന് സാധനസാമഗ്രികൾ അടുത്ത് എത്തിക്കുക എന്നത് വലിയ ദൗത്യമാണ്. കുന്നുംപുറമായതിനാലും വീട്ടിലേക്കുള്ള ഭൂമി നിരപ്പല്ലാത്തതിനാലും നിർമാണസാമഗ്രികൾ പെെട്ടന്ന് ചുമന്ന് എത്തിക്കാനും കഴിയില്ല. കാലുതെറ്റിയാൽ താഴെ കുഴിയിൽ പതിക്കും. 700ഒാളം സിമൻറ് കട്ടയാണ് ജീവനക്കാർ നിരന്നുനിന്ന് കൈകളിൽ താങ്ങി വീട് പണിയുന്ന സ്ഥലെത്തത്തിച്ചത്.
രണ്ടാം ശനിയായതിനാൽ രാവിലെതന്നെ എല്ലാവരും ഒത്തുകൂടി. വൈകുന്നേരത്തോടെ മുഴുവൻ കട്ടകളും തറയിൽ എത്തിച്ചാണ് മടങ്ങിയത്. വീട് പണിക്കുള്ള സിമൻറ്, കമ്പി, മെറ്റൽ, മണൽ മറ്റു സാമഗ്രികൾ എന്നിവയും ഇതുപോലെ എത്തിച്ചുകൊടുക്കാമെന്നും ഏറ്റിരിക്കുകയാണ്. ബീനകുമാരിക്ക് 2009ൽ വീട് നിർമിക്കാൻ ധനസഹയം അനുവദിച്ചതാണെങ്കിലും ഇതിന് കഴിഞ്ഞില്ല. ഇേപ്പാൾ ലൈഫ് പദ്ധതി സർവേയിലാണ് വീണ്ടും ഇൗ കുടുംബത്തെ ഉൾപ്പെടുത്തിയത്. ബ്ലോക്ക് പട്ടികജാതി വികസന ഒാഫിസർ ജി. തോമസ് മാത്യുവാണ് ശ്രമദാനത്തിന് നേതൃത്വം കൊടുത്തത്. എസ്.സി പ്രേമോട്ടർമാർ, പട്ടികജാതി വികസന വകുപ്പിലെ നഴ്സറി സ്കൂൾ ടീച്ചർമാർ, കല്ലറക്കടവിലെ പട്ടികജാതി വികസന വകുപ്പ് ഹോസ്റ്റലിലെ ജീവനക്കാർ എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.