ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീൽ, 37 ആക്ഷേപങ്ങൾ
text_fields
കോഴിക്കോട് : ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്.
ഇതിന് പുറമെ ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നാണ് കൂടുതൽ അപ്പീൽ ലഭിച്ചത്. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ ഈമാസം 17ന് രാത്രി 12 മണി വരെയാണ് ആദ്യഘട്ട അപ്പീലിന് സമയം അനുവദിച്ചിരുന്നത്. ജൂൺ 29നകം ഒന്നാം ഘട്ടം അപ്പീലുകളും ആക്ഷേപങ്ങളും തീർപ്പാക്കും.
ഗ്രാമപഞ്ചായത്തിലെ അപ്പീലുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിയും കൺവീനർമാരായ സമിതികൾ തീർപ്പാക്കും. 29നകം എല്ലാ ആക്ഷേപങ്ങളും അപ്പീലുകളും തീർപ്പാക്കി ജൂലൈ ഒന്നിന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ജൂലൈ എട്ട് വരെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം. കലക്ടർ അധ്യക്ഷനായ സമിതിയാണ് ഈ അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിക്കുക.
രണ്ടാം ഘട്ടം അപ്പീലുകൾ തീർപ്പാക്കിയ ശേഷമുള്ള കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/വാർഡ് സഭകളും, പഞ്ചായത്ത്/നഗരസഭാ ഭരണസമിതികളും ചർച്ച ചെയ്ത് അംഗീകരിക്കും.ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഭവനരഹിതരായ മുഴുവൻ ആളുകൾക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ വളരെ വേഗം മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

