പ്രിയതമന് അവസാന സല്യൂട്ട് നൽകി ലെഫ്റ്റനന്റ് ഗോപി ചന്ദ്ര
text_fieldsക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹത്തിൽ ഭാര്യ ലഫ്റ്റനന്റ് ഗോപിചന്ദ്ര അന്ത്യാഭിവാദ്യം അർപ്പിക്കുന്നു. പിതാവ് ശിവരാജൻ സമീപം (ചിത്രം: അഷ്കർ ഒരുമനയൂർ)
കൊച്ചി: മധ്യപ്രദേശിലെ പട്നിയിൽ മിന്നൽ പ്രളയത്തിലകപ്പെട്ട് മരിച്ച ആർമി എജുക്കേഷൻ കോപ്സിലെ ക്യാപ്റ്റൻ നിർമൽ ശിവരാജന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വൈകീട്ട് 3.30ന് നിർമലിന്റെ മാമംഗലത്തെ വസതിയിൽ എത്തിച്ചു. മൃതദേഹത്തോടൊപ്പം ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്രയും അനുഗമിച്ചിരുന്നു. ചെറുപ്പം മുതൽ ആർമിയിൽ ചേരണമെന്ന് മകൻ പറഞ്ഞത് ഓർമിച്ച് അമ്മ സുബൈദ പൊട്ടിക്കരഞ്ഞു.
അച്ഛൻ ശിവരാജനും മകന്റെ മൃതദേഹം കണ്ടതോടെ നിയന്ത്രണംവിട്ടു. നിർമൽ പഠിച്ച തേവര സേക്രഡ് ഹാർട്സ് കോളജിലെയും മദ്രാസ് ക്രിസ്ത്യൻ കോളജിലെയും സഹപാഠികളും കൂട്ടുകാരനെ അവസാനമായി കാണാൻ എത്തിയിരുന്നു. വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി പി. രാജീവ് പുഷ്പചക്രം സമർപ്പിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരും കലക്ടർ ഡോ. രേണുരാജും ആദരാഞ്ജലി അർപ്പിക്കാനെത്തി.
വീട്ടിലും സംസ്കാര ചടങ്ങുകൾ നടന്ന പച്ചാളത്തെ ശ്മമശാനത്തിൽ വെച്ചും പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. കരസേനയുടെ ഗാർഡ് ഓഫ് ഹോണറിന് ശേഷം ഭാര്യ ഗോപി ചന്ദ്ര ഭർത്താവിന് അന്ത്യാഭിവാദ്യം നൽകിയ കാഴ്ചയും വികരനിർഭരമായിരുന്നു. വൈകീട്ട് 5.45ഓടെ ചടങ്ങുകൾ പൂർത്തീകരിച്ച് മൃതദേഹം ചിതയിലേക്കെടുത്തു.നിർമൽ ശിവരാജിന്റെ കൊച്ചിയിലെ വസതി കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഖുബ സന്ദർശിച്ചു. ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

