ഫുട്പാത്തിലൂടെ സ്കൂട്ടറോടിച്ച യാത്രക്കാരന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു. എടപ്പാളിൽ എം.വി.ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണം. ക്ലാസിന് ശേഷം മാത്രമായിരിക്കും എത്ര മാസത്തേക്കാണ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമന്ന് തീരുമാനിക്കുക. പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുക. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
അതേസമയം, ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മക്ക് പല ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. വാർത്ത സൃഷ്ടിക്കാൻ വേണ്ടിയല്ല, താൻ നിരന്തരം ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്നത് ആദ്യമായല്ലെന്ന് പ്രഭാവതിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ കടമയാണ് നിർവഹിക്കുന്നത്. സ്കൂളിൽ ഗൈഡ് ആയിരുന്നപ്പോൾ ലഭിച്ച പാഠങ്ങളാണ് ജീവിതത്തിൽ നടപ്പാക്കുന്നതെന്നും പ്രഭാവതിയമ്മ വ്യക്തമാക്കി.
കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ പ്രഭാവതിയമ്മയെ മോട്ടോർ വാഹന വകുപ്പ് ഇന്ന് രാവിലെ വീട്ടിലെത്തി ആദരിച്ചിരുന്നു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ മഫ്തിയിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചതായും ഇൻസ്പെക്ടർ വിനു ജോസ് അറിയിച്ചു.
കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കൊണ്ടു പോകാൻ ശ്രമിച്ചയാളെ തടഞ്ഞതോടെയാണ് വീട്ടമ്മ സമൂഹ മാധ്യമങ്ങളിൽ താരമായത്.
ജങ്ഷനിലെ തിരക്ക് മറികടക്കാൻ റോഡിൽ നിന്ന് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിന്റെ മുന്നിൽ നിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു. നിയമവിരുദ്ധ പ്രവൃത്തികൾ താൻ വിഡിയോയിൽ പകർത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്കൂട്ടർ യാത്രികൻ പിന്തിരിഞ്ഞു പോവുകയായിരുന്നു. എന്നാൽ, സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ സംഭവം കാമറയിൽ പകർത്തിയിരുന്നു.
തന്റെ വിഡിയോ വൈറലായത് വ്യാഴാഴ്‌ച വൈകീട്ടാണ് 70 കഴിഞ്ഞ പ്രഭാവതി അമ്മ അറിയുന്നത്. എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി, ഈ അമ്മ പുലി തന്നെ തുടങ്ങിയ കമന്റുകൾ വെച്ചാണ് വിഡിയോ വൈറലായത്. മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്‌മി ഹോസ്‌പിറ്റലിൽ വാർഡനായും ജോലി ചെയ്തിരുന്നു.
അമ്പതു വർഷം മുമ്പ് ഡ്രൈവിങ് പഠിച്ച പ്രഭാവതിയമ്മ ഫുട്ബാളറുമായിരുന്നു. മുമ്പൊരിക്കൽ ഫുട്പാത്തിലൂടെ എത്തിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മക്ക് യുവാവിൽ നിന്ന് അടിയേറ്റ ദുരനുഭവവും ഉണ്ടായിട്ടുണ്ട്. യുവാവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

