ശമ്പളത്തിൽനിന്ന് പിടിച്ച വിഹിതം സർക്കാർ അടച്ചില്ല; ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെട്ടെന്ന് എൽ.ഐ.സി നോട്ടീസ്
text_fieldsകോഴിക്കോട്: ശമ്പളത്തിൽനിന്ന് മാസംതോറും സർക്കാർ ഈടാക്കിയ ഇൻഷുറൻസ് വിഹിതം ലഭിച്ചിട്ടില്ലെന്നും ഇത് കാരണം പരിരക്ഷ നഷ്ടമായെന്നും കാണിച്ച് സർക്കാർ ജീവനക്കാർക്ക് എൽ.ഐ.സിയുടെ നോട്ടീസ്.
ഒക്ടോബർ മുതലുള്ള പോളിസി വിഹിതം അടച്ചിട്ടില്ലാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാനിടയായിട്ടുണ്ടെന്നും അങ്ങിനെ സംഭവിക്കാതിരിക്കാൻ ഉടൻ പിഴയടക്കണമെന്നും നോട്ടിഫിക്കേഷനിൽ പറയുന്നു. ജീവനക്കാരുടെ അതതു മാസത്തെ ശമ്പളത്തിൽനിന്ന് സർക്കാർ ഈടാക്കിയ വിഹിതമാണ് എൽ.ഐ.സി.യിലേക്ക് അടക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. ചില ജീവനക്കാക്ക് ഒക്ടോബർ മുതലും ചിലർക്ക് നവംബർ മുതലുമുള്ള വിഹിതം കുടിശ്ശികയായിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കിൽ ഇൻഷുറൻസ് കവറേജിന് പുറത്താകുമെന്ന് സന്ദേശം ലഭിച്ചതോടെ ജീവനക്കാർ ആശങ്കയിലായി. തങ്ങളുടെ ആശങ്ക പങ്കുവെച്ചും തങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുകയും തനിക്കോ കുടുംബത്തിനോ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവുകയും ചെയ്താൽ അതിന് ഉത്തരവാദി സർക്കാർ ആയിരിക്കുമെന്നും കാണിച്ച് ജീവനക്കാർ സ്ഥാപന മേലാധികാരികൾക്ക് കത്ത് അയക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി നികത്താൻ ജീവക്കാരുടെ ഭാവിവെച്ച് സർക്കാർ പന്താടുകയാണെന്നും പ്രതിപക്ഷ സംഘടന നേതാക്കൾ ആരോപിച്ചു. പോളിസി വിഹിതം കുടിശ്ശികയാണെന്ന് കാണിച്ച് നേരത്തെയും പലതവണ ജീവനക്കാർക്ക് എൽ.ഐ.സി അറിയിപ്പ് അയച്ചിരുന്നു. എന്നാൽ, പരിരക്ഷ നഷ്ടമാവുമെന്നും പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ട് ആദ്യമായാണ് നോട്ടിഫിക്കേഷൻ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

