ലിബിയൻ പ്രളയം: ഭൂരിഭാഗം മരണവും ഒഴിവാക്കാമായിരുന്നു -യു.എൻ
text_fieldsലിബിയയിൽ പ്രളയത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്നു
ട്രിപളി: ലിബിയയിൽ മെഡിറ്ററേനിയൻ പട്ടണമായ ഡെർണയിലെ മഹാപ്രളയത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ ഭൂരിഭാഗം ജീവഹാനിയും ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ പെറ്റെറി ടാലസ് പറഞ്ഞു. മുന്നറിയിപ്പ് നൽകി ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിൽ മരണം ഗണ്യമായി കുറക്കാമായിരുന്നു.
20,000ത്തിലേറെ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യത്ത് കാലാവസ്ഥ നിരീക്ഷണത്തിനും മുന്നറിയിപ്പ് നൽകാനും സംവിധാനങ്ങൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നില്ല. ആളുകളെ ഒഴിപ്പിക്കാനും കാര്യക്ഷമമായ സർക്കാർ സംവിധാനമില്ല. നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മർ ഖദ്ദാഫിയെ 2011ൽ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം രാജ്യം കടുത്ത രാഷ്ട്രീയ അരക്ഷിതത്വത്തിൽ ഉഴറുകയാണ്.
കെട്ടുറപ്പുള്ള ഭരണകൂടംപോലും ഇല്ലാതായത് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻപോലും അധികൃതരില്ലെന്ന സ്ഥിതിയുണ്ടാക്കി. പരസ്പരം പോരടിക്കുന്ന രണ്ട് വിഭാഗങ്ങളാണ് രാജ്യം ഭരിക്കുന്നത്. പശ്ചിമ മേഖല ഗവൺമെന്റ് ഓഫ് നാഷനൽ യൂനിറ്റിയുടെ നിയന്ത്രണത്തിലാണെങ്കിൽ കിഴക്കുഭാഗത്ത് വിമതർക്കാണ് ശക്തി.
കിഴക്കൻ മേഖലയിലാണ് പ്രളയമുണ്ടായത്. ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട ഞായറാഴ്ച രാത്രിയാണ് ഡെർണ നഗരത്തിനു പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർണ പുഴ കവിഞ്ഞ് ഇരച്ചെത്തിയ ജലം ആയിരങ്ങൾക്ക് മരണമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

