ലെവൽ ക്രോസിങ്ങിൽ പാഞ്ഞു കയറരുത്; ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും തടവുശിക്ഷയും
text_fieldsകണ്ണൂർ: ലെവൽ ക്രോസിങ്ങുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ച് അമിതവേഗത്തിൽ വാഹനങ്ങൾ ട്രാക്കിൽ കയറുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് റെയിൽവേ. ഇങ്ങനെ പ്രവേശിക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കവാടങ്ങൾ അടയ്ക്കുമ്പോൾ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് റെയിൽവേ നിയമപ്രകാരം കണക്കാക്കുന്നത്.
1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 160 പ്രകാരം, ഗേറ്റ് മാൻ ലെവൽ ക്രോസിങ് അടയ്ക്കാൻ തുടങ്ങുമ്പോഴോ അടച്ച ശേഷമോ അതിലൂടെ വാഹനം ഓടിച്ചുകയറ്റുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സെക്ഷൻ 161 പ്രകാരം, ശ്രദ്ധയില്ലാതെ ട്രാക്ക് മുറിച്ചുകടന്ന് അപകടമുണ്ടാക്കിയാൽ ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കും. റെയിൽവേ സ്വത്ത് നശിപ്പിക്കുന്നവർക്കെതിരെ സെക്ഷൻ 151 പ്രകാരം അഞ്ച് വർഷം വരെ തടവുശിക്ഷ ചുമത്താനും വ്യവസ്ഥയുണ്ട്.
ഇത്തരം കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് റെയിൽവേ സംരക്ഷണ സേന (RPF) കേസ് രജിസ്റ്റർ ചെയ്യുന്നത്. റെയിൽവേ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. കുറ്റം തെളിഞ്ഞാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് കോടതി നിർദേശിക്കും. ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഡ്രൈവറിൽ നിന്നോ വാഹന ഉടമയിൽ നിന്നോ ഭീമമായ നഷ്ടപരിഹാരം ഈടാക്കാനും കോടതിക്ക് അധികാരമുണ്ട്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലെവൽ ക്രോസിങ്ങുകളിലെ സിഗ്നലുകളും നിർദേശങ്ങളും പാലിക്കണമെന്നും റെയിൽവേ നിയമങ്ങൾ പറയുന്നു.
അതേസമയം, ഇന്നലെ റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ കടക്കാൻ ശ്രമിച്ചതാണ് ജീപ്പ് ട്രാക്കിൽ കുടുങ്ങാൻ കാരണം. കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിലായിരുന്നു സംഭവം. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. അര മണിക്കൂര്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് മാറ്റി. റെയിൽവേ ഗേറ്റ് അടക്കാൻ പോകുമ്പോൾ പലപ്പോഴും മിക്കവാറും വാഹനങ്ങൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കാറുണ്ട്. മുന്നിൽ പോകുകയായിരുന്ന വാഹനത്തെ മറകടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിൽ കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവം നടക്കുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. ജീപ്പ് ട്രാക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ട്രാക്കിൽനിന്ന് ഉയർത്തി മാറ്റിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ട്രെയിനുകൾ വൈകിയോടിയത് മൂലം യാത്രക്കാർ വലഞ്ഞു. റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. റെയിൽവേ ഗേറ്റ് അടക്കാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ വേഗത്തിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

