ഒാക്സിജനും വാക്സിനും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
text_fieldsതിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം ടൺ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ടാംതരംഗത്തിൽ കോവിഡ് രോഗികൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഓക്സിജെൻറ ആവശ്യം വർധിച്ചു. ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. മതിയായ കരുതൽശേഖരം ഉണ്ടാക്കാൻ കേന്ദ്ര സഹായം ആവശ്യമാണ്.
ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽനിന്ന് 500 ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. കേരളത്തിനടുത്ത ഏതെങ്കിലും സ്റ്റീൽ പ്ലാൻറിൽനിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കണം. കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പി.എസ്.എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെൻറിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോവാക്സിനും ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കിവെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തവരുടെയും എണ്ണം കണക്കിലെടുക്കണം. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവുമായി യോജിച്ച് കേരളം മുൻനിരയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

