മുഖ്യമന്ത്രിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ നടപടിക്ക് ഡി.ജി.പിക്ക് കത്ത്
text_fieldsടീന ജോസ്, പിണറായി വിജയൻ
ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കന്യാസ്ത്രീ ടീന ജോസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി അഭിഭാഷകനും ലോക കേരള സഭയുടെ അംഗവുമായ സുഭാഷ് ചന്ദ്രൻ കെ.ആർ സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
ടീന ജോസ് എന്ന വ്യക്തി ഫേസ്‍ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തികച്ചും അധിക്ഷേപകരമായ അഭിപ്രായ പ്രകടനവും വധിക്കണമെന്ന ആഹ്വാനവും നടത്തിയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. നവംബർ 18 ലെ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും പരാതിയോടൊപ്പം ചേർത്തിട്ടുണ്ട്.
സെൽട്ടൺ ഡിസൂസ എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റിനുള്ള കമന്‍റായാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതൽ പ്രചാണത്തിനിറങ്ങും എന്ന് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിടത്താണ് ഒരു ബോംബെറിഞ്ഞ് തീർത്തു കളയണമെന്ന കമന്‍റ് ഇട്ടിരിക്കുന്നത്. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അത് പറ്റുമെന്നും പറയുന്നുണ്ട്.
ഇത്തരം അപകടകരമായ കമന്‍റുകൾ പൊതുവിടങ്ങളിൽ വരുന്നത് ഒഴിവാക്കാൻ ഇവർക്കെതിരെ കർശനമായ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും ഇത്തരം കാര്യങ്ങൾക്കുള്ള നിർദേശങ്ങൾ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

