Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തോറ്റ സീറ്റുകൾ പിടിച്ചെടുക്കാം’; അവസരം നൽകണമെന്ന് സ്ഥാനാർഥി മോഹികളായ കോൺഗ്രസ് എം.പിമാരുടെ സമ്മർദ തന്ത്രം

text_fields
bookmark_border
ഷാഫി പറമ്പിലിനായി 'എ' ഗ്രൂപ്പ്
‘തോറ്റ സീറ്റുകൾ പിടിച്ചെടുക്കാം’;  അവസരം നൽകണമെന്ന് സ്ഥാനാർഥി മോഹികളായ കോൺഗ്രസ് എം.പിമാരുടെ സമ്മർദ തന്ത്രം
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകൾ നൽകിയാൽ ആ മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന സമ്മർദ തന്ത്രവുമായി എം.പിമാർ. നിലവിൽ എൽ.ഡി.എഫിന്റെ പക്കലുള്ള സീറ്റുകൾ പിടിച്ചെടുക്കുന്നതിന് മത്സരിക്കാൻ അവസരം നൽകണമെന്നാണ് എം.പിമാർ മുന്നോട്ട് വെച്ച ആവശ്യം. ഈ കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. അതിനുള്ള സമ്മർദ തന്ത്രമാണ് സ്ഥാനാർഥി മോഹം പേറുന്ന എം.പിമാർ സ്വീകരിക്കുന്നത്.

കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരാണ് എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകൾ പിടിക്കാമെന്ന ‘വാഗ്ദാന’വുമായി മത്സരരംഗത്തുള്ളത്. ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ. സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കാനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് എം.കെ. രാഘവന്റെ മോഹം. ഇതുവഴി യു.ഡി.എഫിന് നഷ്ടമായ സീറ്റുകൾ തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. ഡൽഹിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായും എം.പിമാർ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി.

എം.പിമാരുടെ ഈ ആവശ്യത്തോട് കേരളത്തിലെ പല നേതാക്കളും അതൃപ്തി അറിയിച്ചിട്ടുണ്ട്. എം.പിമാർ മത്സരിച്ചാൽ മത്സരരംഗത്തുനിന്ന് പിന്മാറുമെന്നും ഇവരുടെ മണ്ഡലത്തിലെ കാര്യങ്ങൾ അവതാളത്തിലാക്കുമെന്നും ചില നേതാക്കൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എം.പിമാർ മത്സരിക്കുന്നത് യു.ഡി.എഫ് അധികാരത്തിലെത്താൻ സഹായകരമാകുമെന്ന് മുസ്‍ലിം ലീഗിലെ ചില നേതാക്കൾ വിലയിരുത്തുന്നതായും നേതാക്കൾ അവകാശപ്പെടുന്നു.

കെ. സുധാകരനും അടൂർ പ്രകാശിനും എം.കെ. രാഘവനും ഇളവ് നൽകിയാൽ മറ്റുള്ളവരും സമീപിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫിന് വിജയം ഉറപ്പിക്കണമെങ്കിൽ ഷാഫി പറമ്പിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി 'എ' ഗ്രൂപ്പും രംഗത്തെത്തി. അങ്ങനെയെങ്കിൽ രമേശ് പിഷാരടിയെ മറ്റൊരു മണ്ഡലത്തിൽ പരിഗണിക്കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുപ്പായമിടാനുള്ള മോഹം പേറുന്ന എം.പിമാരിൽ ആരെ തള്ളും ആരെ കൊള്ളുമെന്നുള്ള ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Let’s capture the lost seats’; Pressure tactics of Congress MPs who are aspiring to contest for the seat to be given a chance
Next Story