ഇൻഡിഗോ ശരിയല്ലെന്ന് അന്നേ തോന്നിയിരുന്നു; തിരിച്ചടിയിൽ അവർ പാഠം പഠിക്കട്ടെ -ഇ.പി ജയരാജൻ
text_fieldsഇ.പി. ജയരാജൻ
കൊച്ചി: ഇൻഡിഗോ ശരിയല്ലെന്ന് തനിക്ക് മുമ്പ് തന്നെ തോന്നിയിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. അങ്ങനെ തോന്നിയത് കൊണ്ടാണ് ഇൻഡിഗോക്കെതിരെ നിലപാടെടുത്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആളുകൾ എത്തിയപ്പോഴാണ് ഞാനവരെ തടഞ്ഞത്. എന്നാൽ, ആക്രമിക്കാനെത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തനിക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് താൻ ഇൻഡിഗോയെ പ്രാകിയിട്ടുണ്ട്. എന്നാൽ, തന്റെ പ്രാക്കാണ് ഇൻഡിഗോയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോൾ വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് വീണ്ടും ഇൻഡിഗോയെ ആശ്രയിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് എം.പിയും ഇൻഡിഗോ മാനേജ്മെന്റും തമ്മിൽ ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നിലവിൽ വ്യോമയാനരംഗത്തുള്ള പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രസർക്കാറാണ്. അമിതമായ ചാർജാണ് വിമാനകമ്പനികൾ ഈടാക്കുന്നത്. ഇത് തടയാനായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതുമൂലം പ്രവാസികൾ ഉൾപ്പടെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വിമാനത്തിൽ വച്ച് മറ്റ് യാത്രക്കാരെ കയ്യേറ്റം ചെയ്തതിന്‍റെ പേരിൽ ഇൻഡിഗോ മുന്‍പ് ഇ.പി.ജയരാജനെ വിലക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചപ്പോഴുണ്ടായ ബലപ്രയോഗത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം ജീവിതത്തിലൊരിക്കലും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് ജയരാജൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

