ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ, പുരോഗതിയുണ്ടാവും; വിവാദ പരാമർശവുമായി സുരേഷ് ഗോപി
text_fieldsന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണമെന്നും എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ.
അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ആദിവാസി വകുപ്പ് ഭരിക്കുന്ന മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചു. ബജറ്റ് വകയിരുത്തൽ ഓരോ മേഖലക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബിഹാറെന്നും കേരളം എന്നും ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല.
വിനോദ സഞ്ചാരമേഖലക്ക് നിരവധി പദ്ധതികൾ കേരളത്തിന് നൽകിയിട്ടുണ്ട്. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കും. കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബി.ജെ.പി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്‍റെ തുടക്കം കുറിക്കലായിരുന്നു അതെന്നും സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശവും വിവാദത്തിലായിരുന്നു. തിരുവനന്തപുരത്ത് യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്താവന. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും മരിച്ച് മണ്ണടിഞ്ഞ് ചാരമായതിനുശേഷം അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയും വിവാദമായിരുന്നു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ ബജറ്റിൽ സഹായം ലഭിക്കുമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ ജോർജ് കുര്യന്റെ പ്രതികരണം.
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോയെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

