'പ്രതിഷേധങ്ങൾ വന്നോട്ടെ, നേരിടാം'; നിലപാടിലുറച്ച് സുകുമാരൻ നായർ
text_fieldsകോട്ടയം: സർക്കാറിന് പിന്തുണച്ചുള്ള എൻ.എസ്.എസ് നിലപാടിനെതിരെ സംഘടനക്കകത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങളിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പ്രതിഷേധങ്ങൾ വന്നോട്ടെ നേരിടാം. രാഷ്ട്രീയനിലപാട് എൻ.എസ്.എസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് ഇതിൽ ഒരുനിലപാട് മാറ്റവുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും 5600 കരയോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എസ്.എസ് പൊതുയോഗത്തിൽ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
ശബരിമല: സി.പി.എമ്മിനെ പിന്തുണച്ച് സുകുമാരൻ നായർ; ‘ബി.ജെ.പി ഒന്നും ചെയ്തില്ല, കോൺഗ്രസ് കള്ളക്കളി കളിച്ചു’
കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ച് എൻ.എസ്.എസ് ജന. സെക്രട്ടറി സുകുമാരൻ നായർ. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

