‘പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’, ഇഡി അന്വേഷണ വിവാദത്തിൽ മുഹമ്മദ് റിയാസ്
text_fieldsപി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച് സിപിഎം നേതാവ് പിഎ.മുഹമ്മദ് റിയാസ്. മാധ്യമ വാർത്തകളിൽ അംബന്ധങ്ങളുണ്ടെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം, ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന, മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും ഫേസ്ബുക്കിൽ കുറിച്ചു. നിയമപരമായി പോരാട്ടം തുടരുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, സി.എം.ആർ.എൽ മാസപ്പടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ ആവശ്യത്തിൽ സർക്കാറിന്റെ തുടർനടപടികൾ നിർണായകമാകും.
കഴിഞ്ഞദിവസം ഇ.ഡി, ഡി.ജി.പി രവാഡ ചന്ദ്രശേഖറിന് നൽകിയ 25 പേജുള്ള കത്തിൽ നിയമോപദേശം തേടാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബധിച്ച തീരുമാനമെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിൽ (എ.ജി) നിന്നും നിയമോപദേശം തേടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.
ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നേരിട്ട് കേസെടുക്കാനാകുമോ, അതോ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ വസ്തുതയുണ്ടെങ്കിൽ കേസെടുക്കണമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്.
ഇ ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ , അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.
ഇ ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.
നിയമപരമായി പോരാടും.
-പി എ മുഹമ്മദ് റിയാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

