ജനാധിപത്യം ജ്വലിക്കട്ടെ; കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
text_fieldsഎറണാകുളം ജില്ലയിലെ വിദൂര ബൂത്തുകളിലൊന്നായ തേര ഉന്നതിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിത ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികളുമായി ബ്ലാവന കടത്ത് കടക്കുന്നു
തിരുവനന്തപുരം: കത്തിപ്പടർന്ന പ്രചാരണ ദിനങ്ങൾക്കും തലനാരിഴകീറിയുള്ള കണക്കുകൂട്ടലുകൾക്കും പിന്നാലെ രാഷ്ട്രീയ കേരളത്തിന്റെ തലവിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. ഇളക്കിമറിച്ചുള്ള പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികളെങ്കിലും ജനവിധിയെക്കുറിച്ച ആകാംക്ഷയും ഉത്കണ്ഠയും എല്ലാവർക്കുമുണ്ട്. വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ ക്യാമ്പുകൾ. അടിയൊഴുക്കുകൾ തിരിച്ചറിയാനും വഴിമാറ്റാനുമുള്ള പരക്കംപാച്ചിലുകളുടെ ദിനം കൂടിയായിരുന്നു ബുധൻ.
വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ബുധനാഴ്ച ഉച്ചയോടെതന്നെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഡീലും അനൗൺസ്മെന്റ് വിവാദവും മുതൽ ശബരിമലയും വയനാട് ഫണ്ട്പിരിവും ഡാം തുറക്കലും ഡാഷ് മോൻ വിളിയും വരെ മാറിമറിഞ്ഞ വിഷയങ്ങളുടെ മുൾമുനയിലായിരുന്നു 23 പ്രചാരണ ദിനങ്ങൾ.
പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ വിവാദവും രാഷ്ട്രീയമായി കൊമ്പുകോർക്കലുകളും നിശബ്ദ പ്രചാരണ ദിനത്തെ ബഹളമയവും ചടുലവുമാക്കി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പ്രചാരണത്തിന് സമയം കുറവായിരുന്നുവെങ്കിലും വേഗത്തിലാണ് തെരഞ്ഞെടുപ്പ് കളം സജീവമായതും ഇളകിമറിഞ്ഞതും. നിശ്ശബ്ദ പ്രചാരണ ദിനത്തിൽ ആടിനിൽക്കുന്ന വോട്ടുകൾ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളിലായിരുന്നു രാഷ്ട്രീയ പാർട്ടികൾ. മണ്ഡലത്തിലെ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന പ്രമുഖരെ സന്ദർശിക്കലായിരുന്നു ബുധനാഴ്ച സ്ഥാനാർഥികളുടെ പ്രധാന അജണ്ട. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയെന്നാണ് മുന്നണികളുടെയെല്ലാം ആത്മവിശ്വാസം.
30,495 ബൂത്തുകളാണ് ക്രമീകരിച്ചത്. നിശ്ശബ്ദ പ്രചാരണത്തിന് പിന്നാലെ ഔട്ടർ ബൂത്തുകൾ ക്രമീകരിക്കാനുള്ള തിരക്കിലായിരുന്നു പാർട്ടി പ്രവർത്തകർ. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടികളുടെ ശക്തിപ്രകടനം പ്രതിഫലിക്കുക ഔട്ടർ ബൂത്തുകളിലെ സജീവതയിലാണ്. 76 ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ്. ഇത് 85 ശതമാനത്തിലേക്കുയർത്തൽ ലക്ഷ്യമിട്ട് വിപുലമായ പ്രചാരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൈയിൽ നടന്നത്.
ഭരണവിരുദ്ധ വികാരത്തെ വികസനവും ക്ഷേമവുംകൊണ്ട് മറികടന്ന് ചരിത്രപരമായ ഭരണത്തുടർച്ച ഉറപ്പിക്കുകയാണ് ഇടതുമുന്നണി ലക്ഷ്യം. ഡീൽ ആരോപണങ്ങളിൽ ഇടതുമുന്നണിയെ കുരുക്കിയും അഞ്ച് വമ്പൻ ഗ്യാരന്റികളിൽ ജനവിശ്വാസമാർജിച്ചും അധികാരത്തിലേക്കുള്ള തിരിച്ചുവിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ശക്തമായ സാന്നിധ്യമറിയിക്കാൻ എൻ.ഡി.എയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

