കോട്ടയത്ത് പുലിയിറങ്ങി; ഓണാഘോഷത്തിന് തുടക്കം
text_fieldsകോട്ടയം: ഓണാഘോഷത്തിന് തുടക്കമിട്ട് കോട്ടയം നഗരത്തിൽ വർണാഭമായ അത്തച്ചമയ ഘോഷയാത്ര. കോട്ടയം നഗരസഭ, കോട്ടയം പ്രസ് ക്ലബ്, മന്നം സാംസ്കാരിക സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാടൻ കലാരൂപങ്ങളും ഫ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. പഞ്ചവാദ്യവും ചെണ്ടമേളവും നാസിക് ധോലും ബാൻഡ് മേളവും നിറഞ്ഞ അന്തരീക്ഷത്തിൽ കേരളത്തിലെ തനത് കലാരൂപങ്ങളും അണിനിരന്നു.
ഘോഷയാത്രയിൽ തൃശൂരിൽനിന്നുള്ള പുലിക്കളി, പുരാണ കഥാപാത്രങ്ങളുടെ പടുകൂറ്റൻ രൂപങ്ങൾ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും കാഴ്ചവിരുന്നായി. തെയ്യം, കളരിപ്പയറ്റ്, വേലകളി, ഗരുഡൻ, പൂക്കാവടി, മഹാബലി വേഷങ്ങൾ, കഥകളി, ഓട്ടന്തുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻ തുള്ളൽ, വഞ്ചിപ്പാട്ട്, തിരുവാതിര, മാർഗംകളി, ദഫ്മുട്ട്, പാളപ്പടയണി, അർധനാരീശ്വര നൃത്തം, ആനന്ദകൃഷ്ണനാട്ടം, ശിവഭൂതനൃത്തം, ഹൈേഡ്രാളിക് ലോറി ഫ്ലോട്ടുകൾ, കർണാടക ഫോക്ക്, വനിത വീരഗാഥ, സ്കേറ്റിങ്, ഭരതനാട്യ- -മോഹിനിയാട്ടവേഷം എന്നിവയുണ്ടായിരുന്നു. കലക്ടറേറ്റിന് സമീപത്ത് പൊലീസ് പരേഡ് മൈതാനിയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര തിരുനക്കര ക്ഷേത്ര മൈതാനിയിൽ സമാപിച്ചു.
പരേഡ് മൈതാനിയിൽ ചേർന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന ഓണസന്ദേശം നൽകി. മത്സരവിജയികൾക്ക് കോട്ടയം സഹകരണ അർബൻ ബാങ്ക് ചെർമാൻ അഡ്വ. കെ. അനിൽകുമാർ സമ്മാനം വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടിനോ കെ. തോമസ്, കൗൺസിലർമാരായ സാബു പുളിമൂട്ടിൽ, ഹരികുമാർ എന്നിവർ സംസാരിച്ചു. അത്തപ്പതാക നഗരസഭ ചെയർപേഴ്സൺ പി.ആർ. സോന മന്നം സ്മാരക സമിതി പ്രസിഡൻറ് എസ്. ജയകൃഷ്ണന് കൈമാറി. ഘോഷയാത്ര കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ടി.സി. ഗണേഷ് സ്വാഗതവും ആഘോഷ കമ്മിറ്റി സെക്രട്ടറി ആർ. വേണുഗോപാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
