നാട് വിറപ്പിച്ച പുലി കെണിയിൽ: കടിയേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് പരിക്ക്
text_fieldsധോണിയിലെ വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങിയ പുലിയെ കൊണ്ട് പോകുന്നു
പുതുപ്പരിയാരം: നാടിനെ വിറപ്പിച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. കൂട്ടിലെ പുലിയെ മാറ്റുന്നതിനിടയിൽ സഹായത്തിനെത്തിയ വാർഡ് മെംബറും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.കെ. ഉണ്ണികൃഷ്ണന് (50) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വലത്തെ കൈയിലെ നടുവിരലടക്കം മൂന്ന് വിരലുകൾക്കാണ് സാരമായ പരിക്ക്.
പാലക്കാട് ജില്ല ആശുപത്രിയിലെ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസക്കാലം അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലികളിലൊന്നാണ് കെണിയിൽ കുടുങ്ങിയത്. ധോണി മൂലപ്പാടം വെട്ടം തടത്തിൽ ലിജി ജോസഫിന്‍റെ വീട്ട് വളപ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
വെള്ളിയാഴ്ച പുലർച്ചെ 3.45ന് ഇര തേടിയെത്തിയ പുലി കെണിയിൽ കുടുങ്ങുകയായിരുന്നു. പുലിയെ അതിരാവിലെ തന്നെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. തൃശൂരിൽ നിന്നെത്തിയ വനം വകുപ്പിന്‍റെ വെറ്റിനറി ഡോക്ടർ പുലിയെ പരിശോധിച്ചു. ഏകദേശം മൂന്ന് വയസ് പ്രായമായ ആൺപുലിയാണെന്നും ആരോഗ്യസ്ഥിതി മോശമല്ലെന്നും പരിശോധനയിൽ വ്യക്തമായി.
മുഖ്യ വനപാലകന്‍റെ നിർദേശപ്രകാരം ഡി.എഫ്.ഒ, വെറ്റിനറി ഡോക്ടർ ,ജന്തുശാസ്ത്ര വിദഗ്ധൻ എന്നിവരടങ്ങിയ അഞ്ചംഗ സമിതി പുലിയെ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് പുലിയെ ഏത് വനമേഖലയിൽ തുറന്ന് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവും.
ഒരാഴ്ചക്കിടയിൽ മൂലപ്പാടത്തെ വീട്ടിൽ രണ്ട് തവണ പുലി എത്തി കോഴിയെ പിടികൂടിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ പുലിയുടെ വ്യക്തമായ ചിത്രങ്ങൾ കണ്ടു. ധോണിയിലും പരിസരങ്ങളിലും മാത്രം 17 തവണ പുലി ഇറങ്ങി ജനവാസ മേഖലയിലെത്തിയിരുന്നു. 12ഓളം വളർത്താടുകളെയും നാലിലധികം നായകളെയും കൊന്ന് തിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

