പാലക്കാട്ടെ പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി
text_fieldsപാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും കൂട്ടിൽ വെക്കുമെന്ന് വാളയാർ റെയ്ഞ്ച് ഓഫിസർ അറിയിച്ചു. ഇന്ന് പുലർച്ചയ്ക്കാണ് അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്.
കാടു പിടിച്ച പ്രദേശങ്ങളിലേക്കോ അല്ലെങ്കിൽ ദൂരെ എവിടേക്കെങ്കിലോ അമ്മപ്പുലി കുഞ്ഞിനെകൊണ്ടു പോയിട്ടുണ്ടാകാം എന്നാണ് സൂചന. അതേസമയം കൂടുതൽ കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ട് പുലിയുടെ സാന്നിധ്യം പ്രദേശത്തില്ലെന്ന് ഉറപ്പു വരുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.
അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയിലെ തകര്‍ന്നുകിടക്കുന്ന വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ധോണി വനമേഖലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ ഉമ്മിനി പപ്പാടിയിലെ മാധവന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ ചായ്പിലായിരുന്നു പുള്ളിപ്പുലി കുഞ്ഞുങ്ങൾ. 15 വര്‍ഷത്തോളമായി ഈ വീട് അടഞ്ഞുകിടക്കുകയാണ്. ഉച്ചയ്ക്ക് നായ്ക്കള്‍ അസ്വാഭാവികമായി കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസി പൊന്നനാണ് വീട് പരിശോധിക്കാനെത്തിയത്. ജനല്‍പാളി വഴി നോക്കിയ പൊന്നന്, വീട്ടില്‍ നിന്ന് പുലി ഇറങ്ങിയോടുന്നത് കണ്ടതായി പറയുന്നു. ഭയന്ന ഇയാള്‍ തിരികെയെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

