പാലക്കാട് തകർന്ന വീടിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി; പ്രദേശവാസികൾ ആശങ്കയിൽ
text_fieldsപാലക്കാട്/അകത്തേത്തറ: പാലക്കാട് നഗരത്തിനടുത്തുള്ള അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ ജനവാസമേഖലയിലെ തകര്‍ന്നുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ധോണി വനമേഖലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ ഉമ്മിനി പപ്പാടിയിലെ മാധവന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ ചായ്പിലാണ് പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെ കണ്ടത്. 15 വര്‍ഷത്തോളമായി ഈ വീട് അടഞ്ഞുകിടക്കുകയാണ്. ഉച്ചയ്ക്ക് നായ്ക്കള്‍ അസ്വാഭാവികമായി കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസി പൊന്നനാണ് വീട് പരിശോധിക്കാനെത്തിയത്.
ജനല്‍പാളി വഴി നോക്കിയ പൊന്നന്, വീട്ടില്‍ നിന്ന് പുലി ഇറങ്ങിയോടുന്നത് കണ്ടതായി പറയുന്നു. ഭയന്ന ഇയാള്‍ തിരികെയെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ ആദ്യം പാലക്കാട് ഡിവിഷനല്‍ വനംവകുപ്പ് ഓഫിസിലേക്കും അവിടെ നിന്ന് മൃഗാശുപത്രിയിലേക്കും മാറ്റി. ആള്‍ത്താമസമില്ലാതെ വര്‍ഷങ്ങളായി കാടുകയറിയും തകർന്നും കിടക്കുന്ന വീട്ടില്‍ പുലി പ്രസവിച്ചതാകുമെന്നാണ് കരുതുന്നത്.
മറ്റെവിടെയെങ്കിലും പ്രസവിച്ചശേഷം കുഞ്ഞുങ്ങളെ ഇവിടെയെത്തിച്ചതാകാനും സാധ്യതയുണ്ട്. ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആള്പെരുമാറ്റം തിരിച്ചറിഞ്ഞ് ഓടിപ്പോയ പുലി വീണ്ടുമെത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വരുന്ന പ്രദേശമാണ് ഉമ്മിനി.
പുലിക്കുഞ്ഞുങ്ങൾക്കും പുലിക്കും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കാനാവശ്യമായ സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ച് വരികയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പരിസരവാസികൾ വൈകുന്നേരം മുതൽ പുലർച്ചെ വരെയുള്ള യാത്രകൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഒഴിവാക്കണമെന്നൂം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

