മൈലാംപാടം പൊതുവപ്പാടത്ത് നാട്ടിലിറങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി
text_fieldsപൊതുവപ്പാടത്ത് കെണിയിലകപ്പെട്ട പുലി
മണ്ണാര്‍ക്കാട്: മൈലാംപാടം പൊതുവപ്പാടത്ത് നാട്ടിലിറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. നാല് വയസ്സ് പ്രായം വരുന്ന പെണ്‍പുലിയാണ് തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ വനം വകുപ്പിെൻറ കൂട്ടിൽ അകപ്പെട്ടത്. ടാപ്പിങ് തൊഴിലാളികളാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആഷിഖ് അലി, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും വനം വകുപ്പ് ദ്രുതകര്‍മ സേനയും സ്ഥലത്തെത്തി പുലിയെ മണ്ണാര്‍ക്കാട് വനം ഡിവിഷന് ഓഫിസിലേക്ക് മാറ്റി.
ഡിസംബർ 30നാണ് കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ച് ആറാം ദിവസമാണ് പുലി അകപ്പെട്ടത്. പുലി കുടുങ്ങിയതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
കുറച്ച് കാലമായി മൈലാംപാടം പൊതുവപ്പാടം പ്രദേശം പുലിഭീതിയിലായിട്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ പുലിയെ കണ്ടതായും അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് പകൽ വെളുങ്കോട് ആടുകളെ പുലി ആക്രമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ല പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജന് ആമ്പാടത്ത്, വിജയലക്ഷ്മി, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തംഗം നിജോ വര്‍ഗീസ് എന്നിവര്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പൊതുവപ്പാടത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. വൈൽഡ് ലൈഫ് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ശിവപ്രസാദ്, തൃശൂർ വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പറമ്പിക്കുളം വനത്തിൽ തുറന്നു വിടാൻ തീരുമാനിച്ചു.
തിരുവിഴാംകുന്നിലും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ വന്യജീവി ആക്രമിക്കുന്നത് തുടര്‍ക്കഥയായതോടെ കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പിലും കഴിഞ്ഞദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും പൊതുവപ്പാടത്ത് നിന്നും പുലിയെ കെണി വെച്ച് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

