മണിക്കൂറുകളോളം ഭീതി, ഒടുവിൽ ‘പുലി’ പൂച്ചപ്പുലിയായി VIDEO
text_fieldsമണിപ്പുഴയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ
തിരുവല്ല: പുലി ഇറങ്ങിയെന്ന് പ്രചരിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം മുൾമുനയിൽ ആയിരുന്ന മണിപ്പുഴ നിവാസികൾക്ക് ആശ്വാസമേകി ‘പുലി’ പൂച്ചയായി. പ്രദേശത്ത് കണ്ടെത്തിയ പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്ഥിരീകരിച്ചതോടെ ആണ് എട്ടു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്.
മണിപ്പുഴ - പഞ്ചമി റോഡിൽ വ്യാഴാഴ്ച പുലർച്ചെ ആറോടെ സമീപവാസിയായ സംഗീതയാണ് വളർത്തുനായയുടെ നിർത്താതെയുള്ള കുരയെത്തുടർന്ന് റോഡിലേക്ക് നോക്കിയപ്പോൾ പുലിക്ക് സമാനമായ അപൂർവ ജീവിയെ കണ്ടത്. സംഗീതയെ കണ്ട് ജീവി സമീപത്തെ പുരയിടത്തിൽ ഒളിച്ചു. പിന്നീട് ഇത് റോഡ് മുറിച്ചു കടന്ന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് പോകുന്നതായി കണ്ടു. തുടർന്ന് മൊബൈൽ ഫോണിൽ ജീവിയുടെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം പകർത്തുകയായിരുന്നു. ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് പുലി ഇറങ്ങി എന്ന വാർത്ത നാടാകെ പരന്നത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗം എൻ.എസ് ഗിരീഷ് കുമാർ വനം വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് റാന്നി ആർ.എഫ്. ഒ ബി.ആർ ജയൻ, ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലെ സംഘം വൈകിട്ട് നാലോടെ സ്ഥലത്തെത്തി. മൊബൈലിൽ പകർത്തിയ ദൃശ്യവും ദൃക്സാക്ഷി അടക്കമുള്ളവരിൽ നിന്നും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിൽ കാണപ്പെട്ടത് പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് നാട്ടുകാരുടെ ഭീതി ഒഴിഞ്ഞത്.
2018ലെ പ്രളയത്തോടെയാണ് കിഴക്കൻ മേഖലകളിൽനിന്നും കാട്ടുപന്നി അടക്കമുള്ള ഇത്തരം വന്യജീവികൾ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിയത് എന്നും കാണപ്പെട്ട പൂച്ചപ്പുലി ആക്രമണകാരി അല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

