കുരുക്ക് പാകമാകാത്ത കഴുത്തുകളും ജനമിട്ട കുരുക്കും
text_fieldsആനന്ദിന്റെ വിഖ്യാത നോവൽ ‘ഗോവർധനന്റെ യാത്രകളി’ൽ കുരുക്കിന് പാകമുള്ള കഴുത്ത് അന്വേഷിച്ച് നടക്കുന്ന ഒരു രാജാവുണ്ട്. ബാർ കോഴ വിവാദമെടുത്തിട്ട പ്രതിപക്ഷത്തെ നോവലിൽ കുരുക്കുമായി നടക്കുന്ന ‘ചൗപ്പട് രാജാവു’മായാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് താരതമ്യം ചെയ്തത്. ആദ്യം ആരോഗ്യമന്ത്രിയുടെ കഴുത്തിൽ കുരുക്കാൻ നോക്കി. അത് ആ കഴുത്തിന് പാകമാകുന്നില്ല. പിന്നെ എക്സൈസ് മന്ത്രിയുടെ കഴുത്തിൽ കുരുക്കാൻ നോക്കി. ആ കഴുത്തും പാകമാകുന്നില്ല.
പിന്നെ ടൂറിസം മന്ത്രിയുടെ കഴുത്തിന് പാകമാകുമോയെന്ന് നോക്കി. അതും പാകമായില്ല. ഈ കുരുക്കുകളുമായി ഇവിടെ കഴുത്ത് അന്വേഷിച്ച് നടന്നിട്ട് ഒരു കാര്യവുമില്ല, അപ്പുറത്ത് തന്നെ ചേരുന്നവർ ധാരാളമുണ്ടെന്നും മന്ത്രി പറഞ്ഞുവച്ചു. എട്ടുകൊല്ലമായി കുരുക്കുമായി പ്രതിപക്ഷം തേടി നടക്കുന്നത് ഒരു കഴുത്തിന് വേണ്ടിയാണ്. അത് നടക്കില്ല, മുറുക്കാനാകില്ല -മന്ത്രി കട്ടായം പറഞ്ഞു.
ആ രാജാവിന്റെ കഴുത്തിൽ കുരുക്കിട്ടത് ഞങ്ങളല്ല ,ജനങ്ങളാണ്. നന്നായി കുരുക്ക് വീണിട്ടുണ്ട്. ഈ രാജാവ് നഗ്നനായി നടക്കുമ്പോൾ ഞങ്ങൾ കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ അത് ഉറക്കെ വിളിച്ചു പറയും. അതാണ് മന്ത്രി പറഞ്ഞ രാജാവും ഞങ്ങൾ പറഞ്ഞ രാജാവും തമ്മിലുള്ള വ്യത്യാസം-ഉരുളക്ക് ഉപ്പേരി പോലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ടു മാസം നീളുന്ന സഭ സമ്മേളനത്തിന്റെ ആരംഭ ദിനം അങ്ങനെ ബാർകോഴ ആരോപണത്തിൽ തിളച്ചുമറിഞ്ഞു. ശൂന്യവേളയിൽ അംഗങ്ങൾ ഒന്നിച്ച് ഫോട്ടോയൊക്കെ എടുത്തതാണ്. ചായ കുടിച്ചതാണ്. കുശലം പറഞ്ഞതാണ്. മടങ്ങി വന്നപ്പോൾ ബാർ കോഴയിൽ പ്രതിപക്ഷം പിടിയിട്ടു.
റോജി ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഭരണപക്ഷത്തെ ആക്രമിക്കാൻ ഒന്നാം ബാർകോഴക്കാലം അവർക്ക് ചാകരയൊരുക്കുക സ്വാഭാവികം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യൂതാനന്ദൻ നടത്തിയ പ്രസംഗം തന്നെ റോജിക്ക് ആയുധം. ‘മത്തായിയുടെ സുവിശേഷത്തിൽനിന്ന് ഒരു വാചകം ഉദ്ധരിക്കാം. ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനമാണെന്നാണ് പറയുന്നത്. വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും മിസ്റ്റർ മാണീ.. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ മാണി വീണുപോകുന്നത് എനിക്ക് ഓർക്കാനേ കഴിയുന്നില്ല’... ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാരായ എം.ബി. രാജേഷിനും മുഹമ്മദ് റിയാസിനും കൂടിയായി ഒരു ഉപദേശവും ‘കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ വീണുപോകരുത്’. അദ്ധ്യാത്മ രാമയണത്തിലെ വരികൾ കൂടി ചേർത്തു.
‘നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകന്നേ വരൂ’.
മാണിയെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുനയാക്കിയപ്പോൾ ഭരണപക്ഷത്തായ മാണി ഗ്രൂപ്പ് അംഗങ്ങൾക്കും പ്രതികരണമൊന്നുമുണ്ടായില്ല. ബാർകോഴ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കടുത്ത നിലപാടിലായി പ്രതിപക്ഷം. എന്തെങ്കിലും വിളിച്ചു പറഞ്ഞതുകൊണ്ട് വസ്തുത വസ്തുതയാകില്ലെന്നായി എക്സൈസ് മന്ത്രി. മദ്യ നയ രൂപവത്കരണ ചർച്ച നടന്നിട്ടേയില്ല. ഉന്നയിച്ച എല്ലാ കാര്യവും വസ്തുതാ വിരുദ്ധമാണ്, അടിസ്ഥാന രഹിതമാണ്, അസത്യമാണ്. അസത്യത്തിന്റെ മുകളിൽ കെട്ടിപൊക്കിയ വിവാദത്തിന് 48 മണിക്കൂർ ആയുസ്സ് ഉണ്ടായില്ലെന്നും പരിഹാസം.
എക്സൈസ് മന്ത്രി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്നും മുഖ്യമന്ത്രി. പക്ഷേ പ്രതിപക്ഷം വഴങ്ങിയില്ല. ഉദ്യോഗസ്ഥ തല ചർച്ചകളും ബാർ അസോസിയേഷൻ നേതാക്കളുടെ പണപിരിവ് ശബ്ദ സന്ദേശവും അവർ എടുത്തിട്ടു. ടൂറിസം ഡയറക്ടറുടെ ചർച്ച ആയുധമാക്കി മന്ത്രി റിയാസിനെതിരെയും തിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്ലക്കാർഡ് പിടിച്ചും പ്രതിഷേധിച്ചു. സഭ സ്തംഭിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഭരണപക്ഷം വഴങ്ങിയതേയില്ല. രണ്ട് ബില്ലുകൾ ചർച്ച ഇല്ലാതെ പാസാക്കി അജണ്ട തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

