ബി.ജെ.പിക്ക് അധികം വീണ വോട്ടുകൾ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പെട്ടിയിൽ അധികം വീണത് ആരുടെ വോട്ടായിരിക്കും? തൃശൂർ വിജയവും 11 നിയമസഭ സീറ്റുകളിലെ മേൽക്കൈയും വന്നതെങ്ങനെ? അതൊക്കെ യു.ഡി.എഫിന്റെ വോട്ടെന്നാണ് ഭരണപക്ഷവും ഇടതുമുന്നണിയുടേതാണെന്ന് പ്രതിപക്ഷവും വാദിക്കുന്നു. എന്നാൽ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയത് രണ്ടു കൂട്ടരും സമ്മതിക്കില്ല. വ്യാഖ്യാനിക്കാവുന്ന കണക്കുകൾ ഇരുകൂട്ടരുടെയും കൈയിലുണ്ട്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പാണ് മുന്നിൽ.
അധികാരം നിലനിർത്തുമെന്ന് വാദിക്കുമ്പോൾ, സീറ്റെണ്ണം നൂറ് കടന്ന് എത്ര വരെ പോകുമെന്ന സംശയമേയുള്ളൂ ഭരണപക്ഷത്തിന്. 2019ൽ 123 സീറ്റിൽ പിന്നിലായ ശേഷം 2021ൽ 99 സീറ്റുമായി തിരിച്ചുവന്നത് അവർ ഓർമിപ്പിക്കുന്നു. ഒരു ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും മുയൽ ചാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് പ്രതിപക്ഷം. സഭയിൽ ധനാഭ്യർഥനയുടെ ആദ്യദിനം തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഇഴകീറി പരിശോധിച്ചു. ചർച്ച തുടങ്ങിവെച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കണക്ക് പ്രകാരം തൃശൂരിൽ യു.ഡി.എഫിന് 2019ൽ ലഭിച്ചതിനെക്കാൾ 86,965 വോട്ട് കുറഞ്ഞു. ഇടതു മുന്നണിക്ക് 16,226 കൂടി. ഒരു ലക്ഷത്തിലേറെ ബി.ജെ.പിക്ക് അധികം കിട്ടി. യു.ഡി.എഫിന്റെ വോട്ട് ബി.ജെ.പിക്ക് മറിഞ്ഞു. 2019ൽ 123 നിയമസഭ സീറ്റിൽ മുന്നിൽ നിന്ന യു.ഡി.എഫ് ഇപ്പോൾ 111ൽ ആയി. തങ്ങൾ 16ൽനിന്ന് 18 ലേക്കും.
ബി.ജെ.പി ഒന്നിൽനിന്ന് 11 ലെത്തി. ഇത് ഗൗരവമുള്ളതാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ആലപ്പുഴയിലെ ഇടത് വോട്ടിന്റെ കണക്ക് നിരത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ തിരിച്ചടി. ആരിഫിന് ഇക്കുറി 1,89,099 കുറഞ്ഞു. 1,95,000 ത്തിലേറെ വോട്ടുകൾ ബി.ജെ.പിക്ക് കൂടി. സി.പി.എമ്മിന്റെ ഒരു ലക്ഷത്തിലേറെ വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞു. കായംകുളത്തും ഹരിപ്പാട്ടും മൂന്നാംസ്ഥാനത്ത്. കരുവന്നൂരിൽ അകത്തുപോകാതിരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ ധാരണയുടെ ഫലമാണ് ബി.ജെ.പിയുടെ വോട്ട് വർധനയെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളുടെ ശക്തിയിലാണ് കോൺഗ്രസ് 100 സീറ്റ് നേടിയതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഹിമാചലിലുമൊന്നും കോൺഗ്രസിന് നേട്ടം കിട്ടിയില്ല. സംഘടനാപരവും ആശയപരമവുമായ വ്യക്തത ഉണ്ടായിരുന്നെങ്കിൽ ദേശീയതലത്തിൽ ചിത്രം മാറുമായിരുന്നെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞുവെച്ചു.
മുഖ്യമന്ത്രിക്കെതിരെയായിരുന്നു പ്രതിപക്ഷ ആക്രമണ മുന. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സി.പി.എം പിന്നിൽ കുത്തിയെന്നും ഡി.എൻ.എ പരിശോധിക്കണമെന്ന് ഒരാൾ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിന്തുണച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അസാധ്യമായതിനെ സാധ്യമാക്കിയ രാഷ്ട്രീയ പ്രയത്നത്തിന്റെ പേരാണ് രാഹുൽ ഗാന്ധിയെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപനം അറംപറ്റിയെന്നായി പി.കെ. കുഞ്ഞാലിക്കുട്ടി. ഇൻഡ്യ മുന്നണി നന്നായുണ്ട്, പക്ഷേ ഇടതില്ല. സി.പി.എമ്മിന്റെ പൊന്നാനി പരീക്ഷണത്തെ പരിഹസിച്ച കുഞ്ഞാലിക്കുട്ടി, രണ്ടര ലക്ഷമാണ് ഭൂരിപക്ഷമെന്ന് ഓർമിപ്പിച്ചു. ഡി.സി.സി ഓഫിസിലെ വാട്ടർ ടാങ്കിലെ ചളിക്കുണ്ടിലാണ് താമര വിരിഞ്ഞതെന്ന പക്ഷക്കാരനാണ് പി. ബാലചന്ദ്രൻ. ഇടതുപക്ഷം പൂർണമായി തകർന്നെന്ന് ആഹ്ലാദിക്കേണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും തോമസ് കെ. തോമസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

