ഐ.ടി പാർക്കുകളിലെ മദ്യവിൽപ്പനക്ക് പ്രതിപക്ഷ എതിർപ്പ് മറികടന്ന് നിയമസഭാസമിതി അംഗീകാരം
text_fieldsതിരുവനന്തപുരം: ഐ.ടി പാർക്കുകളിലെ മദ്യവിൽപനക്ക് പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് നിയമസഭാസമിതി അംഗീകാരം നൽകി. ഈ വർഷം തന്നെ ഐ.ടി പാർക്കുകളിൽ മദ്യവിൽപന ആരംഭിച്ചേക്കും. സർക്കാർ നിശ്ചയിക്കുന്ന വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കാവും ഐ.ടി പാർക്കുകളിൽ മദ്യംവിൽക്കാൻ അനുമതിയുണ്ടാവുക. രാവിലെ 11 മണി മുതൽ രാത്രി 11വരെയാണ് ഐ.ടി പാർക്കുകളിൽ മദ്യശാലകൾ പ്രവർത്തിക്കുക.
20 ലക്ഷം രൂപയായിരിക്കും മദ്യംവിൽക്കുന്നതിനുള്ള ലൈസൻസ് ഫീസ്. ഇത് 10 ലക്ഷമായി നിജപ്പെടുത്തണമെന്ന് ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 20 ലക്ഷം തന്നെ ലൈസൻസ് ഫീസ് വേണമെന്നായിരുന്നു എക്സൈസ് വകുപ്പിന്റെ ആവശ്യം. ഒടുവിൽ ഇതിന് അംഗീകാരം ലഭിക്കുകയായിരുന്നു.
സംസ്ഥാന സർക്കാറിന്റെ കഴിഞ്ഞ മദ്യനയത്തിലാണ് ഐ.ടി പാർക്കിലെ മദ്യവിൽപനക്ക് അനുമതി നൽകുമെന്ന് അറിയിച്ചത്. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷം എതിർപ്പുയർത്തുകയായിരുന്നു. പ്രതിപക്ഷ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.ബാബുവുമാണ് എതിർപ്പുയർത്തിയത്. തുടർന്ന് വിഷയം നിയമസഭാസമിതിക്ക് വിട്ടു.
അതേസമയം, സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതിലൂടെ 15,000 കോടിയുടെ അധിക വരുമാനം നേടാമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകളിൽ ബിയർ വിളമ്പാനുള്ള അനുമതി നൽകാനും സർക്കാറിന് പദ്ധതിയുണ്ട്. മൂന്ന് മാസത്തേക്കാവും റസ്റ്ററന്റുകൾക്ക് ബിയർ വിളമ്പാനുള്ള ലൈസൻസ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

