ലൈഫ് മിഷനിലെ ഇടപെടൽ: ഇ.ഡിയോട് നിയമസഭാസമിതി വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ പരിശോധിക്കാൻ നിയമസഭാ സമിതി. ലൈഫ് മിഷൻ സംബന്ധിച്ച ഫയലുകൾ ഇ.ഡി ആവശ്യപ്പെട്ടതിന് പിന്നാലെ സി.പി.എം എം.എൽ.എ ജെയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയിലാണ് ഇ.ഡിയോട് വിശദീകരണം തേടുക.
സംസ്ഥാനത്തൊട്ടാകെയുള്ള ലൈഫ് മിഷൻ നിർമാണ പ്രവർത്തനങ്ങൾ തടയുന്ന വിധത്തിലാണ് ഇ.ഡിയുടെ ഇടപെടലെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ലൈഫ് മിഷനിൽ അഴിമതി ആരോപണം ഉയർന്നത് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിൽ മാത്രമാണ്.
പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവരങ്ങൾ ആരായുകയാണ് ഇ.ഡി ചെയ്യുന്നത്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കി വീടുകൾ കൈമാറുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാൻ അനുവദിക്കാത്ത തരത്തിലാണ് ഇ.ഡി നടപടി. ഇത് അവകാശലംഘനമാണ്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
പരാതി പരിഗണിച്ച സ്പീക്കർ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. ഇ.ഡി ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാനാണ് നീക്കം.