നിയമ നിർമാണത്തിനുള്ളത് ഒമ്പത് ദിവസം; പരിഗണിക്കേണ്ടത് 17 ബില്ലുകൾ
text_fieldsതിരുവനന്തപുരം: 12 ദിവസത്തെ സഭ സമ്മേളനത്തിൽ ഒമ്പത് ദിവസമാണ് നിയമ നിർമാണത്തിനുള്ളതെങ്കിലും പരിഗണിക്കാനുള്ളത് 17 ബില്ലുകൾ. നാല് ബില്ലുകളുടെ കാര്യത്തിലാണ് ഞായറാഴ്ച വരെ അന്തിമ തീരുമാനമായത്. കേരള പൊതുവിൽപന നികുതി ഭേദഗതി, കേരള സംഘങ്ങള്‍ രജിസ്ട്രേഷന്, കേരള ഗുരുവായൂര്‍ ദേവസ്വം ഭേദഗതി, കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി എന്നിവയാണ് ആദ്യം പരിഗണനക്ക് വരുന്ന ബില്ലുകള്‍. ഇതിന് പുറമെ, 13 ബില്ലുകള്‍ കൂടി പരിഗണിക്കാനാണ് സാധ്യത.
മറ്റു ബില്ലുകളുടെ കാര്യത്തില്‍ കാര്യോപദേശക സമിതി തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ശനിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയ അഞ്ച് കരട് ബില്ലുകൾ സഭയുടെ പരിഗണനക്ക് എത്തേണ്ടതാണ്. വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്, ഏക കിടപ്പാട സംരക്ഷണ ബില്ല്, കന്നുപൂട്ട്, മരമടി മത്സരങ്ങൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി ബില്ല്, ഉടമക്ക് ചന്ദന മരം വെട്ടിവിൽക്കാൻ അനുമതി നൽകുന്ന ബില്ല്, പരസ്യബോർഡുകളിൽനിന്ന് വരുമാനം ലക്ഷ്യമിട്ടുള്ള കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ബില്ല്, പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ബില്ല് എന്നിവക്കാണ് ശനിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയത്.
ഇതിന് പുറമെ നേരത്തെ മന്ത്രിസഭ അംഗീകാരം നൽകി ഗവർണർക്ക് അയക്കുകയും അംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്ത ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ബില്ല്, ഗവർണർ അംഗീകാരം നൽകിയ ഓർഡിനൻസിന് പകരമായുള്ള കേരള പബ്ലിക് സർവിസ് കമീഷൻ ഭേദഗതി ബില്ല്, നേരത്തെ സഭ പരിഗണിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്ത 2023ലെ കേരള പൊതുരേഖ ബില്ല് തുടങ്ങിയവയാണ് സഭയുടെ പരിഗണനക്ക് വരുന്ന നിയമനിർമാണങ്ങൾ.
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഒക്ടോബര്‍ ആറിന് നടക്കും. ധനവിനിയോഗ ബില്‍ ഏഴിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

