വട്ടമിട്ട് വിവാദങ്ങൾ; നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിനം മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് അംഗം വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരമർപ്പിച്ച് സഭ പിരിയുമെങ്കിലും തുടർന്നുള്ള ദിനങ്ങൾ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
പൊലീസ് സ്റ്റേഷനിലെ ക്രൂരമർദന ദൃശ്യങ്ങൾ പുറത്തുവന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്ന ആരോപണം തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന തിരിച്ചടിക്കുള്ള ആയുധം.
ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ആരോഗ്യ മേഖലയിലെ ‘സിസ്റ്റ’ത്തിലെ പാളിച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തിക്കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഇതിന് പുറമെ സർക്കാർ -ഗവർണർ ഏറ്റുമുട്ടലിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ സ്തംഭനാവസ്ഥ ഉൾപ്പെടെ പ്രതിപക്ഷം സഭയിൽ ഉയർത്തും. ഭരണപക്ഷമാകട്ടെ പ്രതിരോധത്തിനും തിരിച്ചടിക്കുമുള്ള ആയുധങ്ങളും കോപ്പുകൂട്ടുന്നേതാടെ സഭാതലം ശാന്തമാകില്ലെന്നുറപ്പാണ്.
ഒക്ടോബർ 10 വരെ ഇടവേളകളെടുത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 12 ദിവസമാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബർ 15 മുതൽ 19 വരെയും 29, 30 തീയതികളിലും തുടർന്ന് ഒക്ടോബർ ആറ് മുതൽ 10 വരെയുമാണ് സഭ സമ്മേളിക്കുന്ന ദിനങ്ങൾ. പൂർണമായും നിയമനിർമാണം അജണ്ടയാക്കിയാണ് സമ്മേളനം. ഒമ്പത് ദിനങ്ങളിലാണ് ബില്ലുകൾ പരിഗണിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആദ്യദിനം ചരമോപചാരവും രണ്ട് വെള്ളിയാഴ്ചകളിൽ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി വിനിയോഗിക്കും. പരിഗണനക്ക് വരുന്ന നാല് ബില്ലുകളുടെ കാര്യത്തിൽ ഇതിനകം തീരുമാനമായിട്ടുണ്ട്. ഇതിന് പുറമെ 13 ബില്ലുകൾ കൂടി സഭയുടെ പരിഗണനക്ക് വന്നേക്കുമെന്ന് സ്പീക്കർ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് സഭയിൽ പ്രത്യേക ഇരിപ്പിടം
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായും അദ്ദേഹത്തെ പ്രതിപക്ഷ േബ്ലാക്കിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിപക്ഷ നിരയിലെ അവസാന എം.എൽ.എക്ക് ശേഷമായിരിക്കും രാഹുലിനുള്ള ഇരിപ്പിടം ക്രമീകരിക്കുക. രാഹുലിന്റെ പക്കൽനിന്ന് അവധി ഉൾപ്പെടെയുള്ള ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും സ്പീക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

