
മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ; ദുരിതത്തിലായവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപരും: സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും മരണപ്പെട്ടവർക്ക് നിയമസഭ ആദരാഞ്ജലി അർപ്പിച്ചു. മഴക്കെടുതിയിൽ ഒരാഴ്ചക്കിടെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആറുപേരെ കാണാതായി. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരിതത്തിലായവരെ സർക്കാർ കൈവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇരട്ട ന്യൂനമർദ്ദമാണ് അതിതീവ്ര മഴക്ക് കാരണമായത്. മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ 304 ക്യാമ്പുകൾ തുറന്നു. 3851 കുടുംബങ്ങൾ ഇവിടെയുണ്ട്. ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നിർദേശം നൽകി. 217 വീടുകൾക്ക് പൂർണമായും 1393 വീടുകൾ ഭാഗികമായും തകർന്നു.
ഏകോപിത പ്രവർത്തനമാണ് ദുരന്തനിവാരണ പ്രവർത്തനത്തിൽ നടന്നുവരുന്നത്. റവന്യു, പൊലീസ്, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവ ചേർന്ന് ജനപങ്കാളിത്തത്തോടെ നേതൃപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 11 ടീമുകളും സംസ്ഥാനത്തുണ്ട്. എയർഫോഴ്സ്, നേവി ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുന്നതായി അറിയിച്ചു. അതേസമയം, മുന്നറിയിപ്പ് സംവിധാനങ്ങളിലുണ്ടായ പാളിച്ച പരിശോധിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു.
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച സഭ വീണ്ടും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
