വിദ്യാഭ്യാസ ഏജൻസികളെ നിയന്ത്രിക്കാൻ നിയമ നിർമാണം
text_fieldsRepresentational Image
തിരുവനന്തപുരം: ഉപരിപഠനത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വിദ്യാർഥികളെ അയക്കുന്ന വിദ്യാഭ്യാസ കൺസൽട്ടൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നിയമനിർമാണത്തിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ. ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. വിദ്യാഭ്യാസ ഏജൻസികൾക്ക് രജിസ്ട്രേഷൻ സംവിധാനം കൊണ്ടുവരാൻ സമിതി തയാറാക്കി നൽകിയ കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഏജൻസികളെ നിയന്ത്രിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സ്റ്റേറ്റ് അതോറിറ്റി ഫോർ സ്റ്റുഡന്‍റ്സ് ഓവർസീസ് മൈഗ്രേഷൻ (എസ്.എ.എസ്.ഒ.എം) രൂപവത്കരിക്കണം. രജിസ്ട്രേഷനിലൂടെ വിദ്യാഭ്യാസ കൺസൽട്ടൻസികളെയും ഏജൻസികളുടെയും സമഗ്ര ഡേറ്റാബേസ് തയാറാക്കണം. നിലവിൽ കമ്പനി/ സൊസൈറ്റി രജിസ്ട്രേഷനിലാണ് ഏജൻസികൾ പ്രവർത്തിക്കുന്നത്. ഏജൻസികൾ നൽകുന്ന സേവനത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് സംവിധാനം കൊണ്ടുവരാം.
വിദേശത്ത് പോകുന്ന വിദ്യാർഥികളുടെ വിവരങ്ങൾ അടങ്ങിയ സമഗ്രമായ ഡേറ്റാബേസ് തയാറാക്കണം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ/ നോർക്ക റൂട്സ് സഹായത്തോടെ സ്റ്റുഡന്‍റ് രജിസ്ട്രേഷൻ പോർട്ടൽ ഒരുക്കണം. ഏജൻസികളെ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ സർക്കാർ തലത്തിൽ സംവിധാനം വേണമെന്നും ശിപാർശയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

