പ്രത്യേക പരിരക്ഷയില്ല; പി.എസ്.സി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പി.എസ്.സി ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ആവശ്യപ്പെടുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പി.എസ്.സി അധികൃതർക്ക് വീണ്ടും കത്ത് നൽകാമെന്നും അതിലൊരു പാളിച്ചയുമില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പി.എസ്.സിയിലെ ഉന്നതർക്കും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പി.എസ്.സി അംഗങ്ങൾക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നത്. ഈമാസം 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിൽ ഹാജരാകണമെന്ന് കാട്ടി നാല് പി.എസ്.സി അംഗങ്ങൾക്കാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എസ്.പി. നോട്ടീസ് നൽകിയത്. എന്നാൽ ഇതംഗീകരിക്കാൻ പി.എസ്.സി അധികൃതർ തയാറായില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാകില്ലെന്നും ആവശ്യമെങ്കിൽ പി.എസ്.സി ആസ്ഥാനത്ത് വന്ന് മൊഴിയെടുക്കാമെന്നും പി.എസ്.സി അധികൃതർ അന്വേഷണസംഘത്തെ അറിയിച്ചു.
പി.എസ്.സി യോഗം ക്രൈംബ്രാഞ്ച് നീക്കത്തെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിന് ഹാജരായേ മതിയാകൂയെന്ന നിലപാട് ക്രൈംബ്രാഞ്ച് ആവർത്തിച്ചു. എന്നാൽ ഭരണഘടനാ സ്ഥാപനമെന്ന പ്രത്യേക പരിഗണന പി.എസ്.സിക്കുണ്ടെന്നും നിയമസഭാ സമിതി വിളിപ്പിച്ചിട്ടും ഹാജരായില്ലെന്നും പി.എസ്.സി അധികൃതർ ചുണ്ടിക്കാട്ടി. തുടർന്നാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. പി.എസ്.സിക്ക് പ്രത്യേക പരിഗണന നൽകുന്ന എന്തെങ്കിലും മുൻ കോടതി ഉത്തരവുകളുണ്ടോയെന്ന കാര്യങ്ങളുൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിയമോപദേശം തേടിയത്. അതിനാണ് പി.എസ്.സി ആസ്ഥാനത്ത് പോയി ചോദ്യം ചെയ്യേണ്ടെന്ന നിയമോപദേശം ലഭിച്ചത്.
പി.എസ്.സിക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും ക്രിമിനൽ കേസിലാണ് അന്വേഷണസംഘത്തിന്‍റെ നീക്കമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കേസന്വേഷണ ചുമതലയുള്ള ഐ.ജി അജീതാബീഗം വീണ്ടും പി.എസ്.സി അംഗങ്ങൾക്ക് നോട്ടീസ് നൽകും. പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ നടപടിയെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന് അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടുള്ളത്. പരീക്ഷാക്രമക്കേടിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

